ദുബൈ: വാഹനങ്ങളിൽ കുട്ടികളുടെ ഇരിപ്പിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ചൈൽഡ് സീറ്റുകൾ വിതരണം ചെയ്ത് ദുബൈ പൊലീസ്. ‘കുട്ടികളുടെ ഇരിപ്പിടം സുരക്ഷയും സമാധാനവും’ സംരംഭത്തിന് കീഴിലാണ് വേറിട്ട ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
അപകടങ്ങളിൽ കുട്ടികൾക്ക് സാരമായ പരിക്ക് പറ്റാതിരിക്കാൻ ചൈൽഡ് സീറ്റുകളുടെ പ്രാധാന്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.ഡ്രൈവിങ്ങിനിടെ കുട്ടിയെ മുൻസീറ്റിൽ ഇരുത്തുകയോ പിടിച്ച് നിർത്തുകയോ ചെയ്യുന്നത് അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനമാണെന്നും അത് കുട്ടിയുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്നും ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി മുന്നറിയിപ്പുനൽകി.
പത്ത് വയസ്സിന് താഴേയോ 145 സെന്റീമീറ്ററിന് താഴേ ഉയരമോ ഉള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും 400 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണ്. വാഹനം പെട്ടെന്ന് ബ്രേക്കിടുകയോ അപകടം സംഭവിക്കുകയോ ചെയ്താൽ കുട്ടികൾ മുന്നിലേക്ക് തെറിച്ചുവീണ് വാഹനത്തിന്റെ ഉൾഭാഗത്ത് ഇടിച്ച് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്.
ഇതൊഴിവാക്കാൻ കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ചൈൽഡ് സീറ്റുകൾ ഉപയോഗിക്കണം. ഇത്തരം സീറ്റുകൾ കൃത്യമായി ഘടിപ്പിക്കേണ്ട രൂപവും പൊലീസ് ബോധവത്കരണ കാമ്പയിനിൽ വിശദീകരിച്ചു.കഴിഞ്ഞ പത്ത് മാസത്തിനിടെ ദുബൈയിൽ നടന്ന അപകടങ്ങളിൽ രണ്ട് കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 45 കുട്ടികൾക്ക് ഗുരുതര പരിക്കേറ്റതായി ദുബൈ പൊലീസ് വ്യക്തമാക്കി.ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. 19 കുട്ടികൾക്ക് സാരമായും 25 പേർക്ക് ചെറിയ പരിക്കുകളുമാണ് സംഭവിച്ചത്.
പത്തുമാസത്തിനിടെ മരിച്ച കുട്ടികൾ -രണ്ട്
ആകെ പരിക്കേറ്റ കുട്ടികൾ -45
ഗുരുതര പരിക്കേറ്റവർ -19
ചെറിയ പരിക്കേറ്റവർ -25
അതിഗുരുതര പരിക്കേറ്റവർ -1
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.