ദുബൈ: കുട്ടികളുടെ പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ. ടെർമിനൽ മൂന്നിലെ ആഗമന ഹാളിലാണ് കുട്ടികൾക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമുകൾ സജ്ജീകരിച്ചതെന്ന് ജനറൽ ഡയറക്ട്രേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) അധികൃതർ അറിയിച്ചു.
കൗണ്ടറുകളിൽ കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ ജീവനക്കാരുടെ വേഷമിട്ട സലീം, സലാമ എന്നുപേരിട്ട പാവരൂപങ്ങളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരുടെയും നഗരം എന്ന ആശയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയതെന്ന് അധികൃതർ പറഞ്ഞു. നാലുമുതൽ 12വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് കൗണ്ടറിൽ സ്റ്റാമ്പിങ് ലഭിക്കുക. പെരുന്നാൾ ദിനത്തിൽ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ വിമാനത്താവള സന്ദർശനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. കുട്ടികൾ കൗണ്ടറുകളിൽ എത്തിച്ചേർന്ന് പാസ്പോട്ട് നടപടിക്രമങ്ങൾ ആദ്യമായി പൂർത്തീകരിക്കുന്നത് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വീക്ഷിക്കുകയും ചെയ്തു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം മുൻ മാസങ്ങളിൽ വർധിച്ചിട്ടുണ്ട്. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023ലെ ആദ്യ രണ്ട് മാസം എമിറേറ്റ് 31ലക്ഷം സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് പുതിയ സംവിധാനങ്ങളും മറ്റും ഏർപ്പെടുത്തുന്നതിൽ ജി.ഡി.ആർ.എഫ്.എ വളരെ മുന്നിലാണ്. വിസ അപേക്ഷകളിൽ നടപടി കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോക്തോക്കൾക്കായി ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ചിരുന്നു.
ആപ്ലിക്കേഷൻ ഫോമുകളിൽ അവ്യക്തതകൾ നിലനിൽക്കുമ്പോൾ പരിഹാരമായി ഓഫീസുകളിൽ പോകാതെ തന്നെ വീഡിയോ കോൾ വഴി- തൽസമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് വീഡിയോ കോൾ സർവീസ്.ഇ തിലൂടെ എന്താണ് അപേക്ഷകളുടെ മേലുള്ള കാലതാമസം ഉദ്യോഗസ്ഥരിൽ നിന്ന് അറിയാനും, ആവിശ്യമായ രേഖകൾ സമർപ്പിച്ചു നടപടികൾ പൂർത്തീകരിക്കാനും സാധിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.