ഷാർജ: എക്സ്പോ സെന്ററിൽ ആരംഭിച്ച ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ദിർഹം വകയിരുത്തി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിലെ ലൈബ്രറികൾക്ക് നൽകുന്നതിനാണ് പുസ്തകങ്ങൾ വാങ്ങുക. അതോടൊപ്പം ഫെസ്റ്റിവലിന്റെ 14ാം പതിപ്പിൽ പങ്കെടുക്കുന്ന ലോകത്തെമ്പാടുമുള്ള പ്രസാധനാലയങ്ങൾക്ക് കൈത്താങ്ങാവുകയും ചെയ്യുമിത്.
വായനയെയും വിജ്ഞാനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഷാർജയുടെ നയനിലപാടുകൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. എല്ലാ വർഷവും കുട്ടികളുടെ വായനോത്സവത്തിലും അന്താരാഷ്ട്ര പുസ്തകോത്സവത്തിലും എത്തിച്ചേരുന്ന പ്രസാധകരിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് ഫണ്ട് അനുവദിക്കാറുണ്ട്. ഇത്തവണ കുട്ടികളുടെ വായനോത്സവത്തിൽ 16 രാജ്യങ്ങളിൽനിന്നുള്ള 141 അറബ്, അന്തർദേശീയ പ്രസാധകർ ബാലസാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികൾ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രമുഖ എഴുത്തുകാർ, കലാകാരന്മാർ, പ്രസാധകർ, ചിത്രകാരന്മാർ എന്നിവരുൾപ്പെടെ 66 രാജ്യങ്ങളിൽനിന്നുള്ള 457ലധികം അതിഥികൾ 12 ദിവസത്തെ സാംസ്കാരിക ഉത്സവത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി 1,732 വൈവിധ്യമാർന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.