ഷാർജ: കുട്ടികളിൽ വായന സംസ്കാരം വളർത്തുന്നതിന് സംഘടിപ്പിച്ചുവരുന്ന ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന്റെ 15ാം എഡിഷന് പ്രൗഢ തുടക്കം. ബുധനാഴ്ച ഷാർജ എക്സ്പോ സെന്ററിൽ വായനോത്സവം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി ഒരുക്കുന്ന ഫെസ്റ്റിവൽ ഇത്തവണ ‘ഒരിടത്തൊരിടത്തൊരു ജേതാവുണ്ടായിരുന്നു’ എന്ന തലക്കെട്ടിലാണ് ഒരുക്കിയിട്ടുള്ളത്.
മേയ് 12വരെ നീളുന്ന മേളയിൽ കുട്ടികൾക്കായി നിരവധി പരിപാടികളും ശിൽപശാലകളും ഒരുക്കുന്നുണ്ട്. 75 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ വായനോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങളാണ് പ്രധാനമായും പ്രദർശനത്തിനുള്ളത്. വായനോത്സവത്തിന് ഒപ്പം സംഘടിപ്പിക്കുന്ന അനിമേഷൻ കോൺഫറൻസിനും ബുധനാഴ്ച തുടക്കമായിട്ടുണ്ട്. പുതു തലമുറയിലെ കലാകാരന്മാർക്ക് അനിമേഷൻ രംഗത്തേക്ക് വഴി തുറക്കുകയാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളുടെ വായനോത്സവത്തിൽ ഇത്തവണ 25 രാജ്യങ്ങളില്‍ നിന്നുള്ള 190 വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്നുണ്ട്. 1400 ലേറെ സാംസ്കാരിക കലാ വിദ്യാഭ്യാസ പരിപാടികളുണ്ടാകും.
75 രാജ്യങ്ങളിലെ എഴുത്തുകാരും പ്രസാധകരുമെത്തുമ്പോൾ ഇന്ത്യയിൽ നിന്ന് എട്ട് പ്രസാധകർ കുട്ടികൾക്കുള്ള രചനകളുമായെത്തും. അമേരിക്കന്‍ എഴുത്തുകാരായ ജെറി ക്രാഫ്റ്റ്, സ്റ്റേസി ബെയര്‍, മലേഷ്യന്‍ എഴുത്തുകാരി യിങ് യിങ് എന്‍ജി, അറബ് ലോകത്തുനിന്ന് ഡോ.തലേബ് ഒമ്രാന്, അൽജീരിയന്‍ പണ്ഡിതന് ഡോ.എല്‍ എയ്ദ് ജലൗലി, ഒമാനി കവി വഫാ അല്‍ ഷംസി തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ശേഷം വിവിധ പവിലിയനുകൾ സന്ദർശിക്കുകയും കുട്ടികളോടും പ്രസാധകരോടും സംവദിക്കുകയും ചെയ്ത ശേഷമാണ് ശൈഖ് സുൽത്താൻ മടങ്ങിയത്. ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ അവാർഡ്, ഷാർജ ചിൽഡ്രൻസ് ബുക്ക് ഇലസ്ട്രേഷൻ അവാർഡ് ജേതാക്കളെ അദ്ദേഹം ആദരിക്കുകയും ചെയ്തു. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ അൽ ഖാസിമി എന്നിവരടക്കം പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.