റാസല്‍ഖൈമ: ലോക വാണിജ്യ-സാമ്പത്തികരംഗത്ത് അനുരണനങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചൈന ബെല്‍റ്റ് ആൻഡ് റോഡ് ഫോറത്തില്‍ യു.എ.ഇയെ നയിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. 130ലേറെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് ചൈന ദ്വിദിന ബെല്‍റ്റ് ആൻഡ് റോഡ് ഫോറം സംഘടിപ്പിച്ചത്.
തെക്ക്-കിഴക്ക്, തെക്ക്-മധ്യേഷ്യ, അറേബ്യന്‍ ഗള്‍ഫ്, ഉത്തര ആഫ്രിക്ക, യൂറോപ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന കര സാമ്പത്തിക വലയവും മറൈന്‍ സില്‍ക്ക് റോഡും സംയോജിപ്പിച്ചുള്ള പദ്ധതിയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മുന്നോട്ടുവെക്കുന്നത്. ആഗോള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ചൈനയുടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയുടെ പത്താം വാര്‍ഷികത്തെ അടയാളപ്പെടുത്തിയാണ് മൂന്നാമത് ബെല്‍റ്റ് ആൻഡ് റോഡ് ഫോറത്തിന് ബുധനാഴ്ച പരിസമാപ്തി കുറിച്ചത്.
സാമ്പത്തികവികസനം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമൂഹങ്ങള്‍ തമ്മില്‍ ബന്ധം സുദൃഢമാക്കുന്നതിനും സഹായിക്കുന്നതാണ് ഉച്ചകോടിയെന്ന് റാസല്‍ഖൈമ ഭരണാധിപന് ശൈഖ് സഊദ് പറഞ്ഞു. ചൈനീസ് മേധാവികള്‍ക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ ആശംസകള്‍ കൈമാറിയ ശൈഖ് സഊദ്, ഫോറവുമായി ബന്ധപ്പെട്ട് ഉന്നതതല പരിപാടികളില്‍ നടന്ന ചര്‍ച്ചകളുടെയും ഭാഗമായി. ബെയ്ജിങ്ങിലെ പ്രശസ്തമായ ഇംപീരിയല്‍ പാലസ് സന്ദര്‍ശിച്ച ശൈഖ് സഊദ് സാംസ്കാരിക കേന്ദ്രത്തിലെ പുരാവസ്തു ശേഖരം കണ്ടു. സാംസ്കാരിക യുവജന മന്ത്രി ശൈഖ് സാലെം അല്‍ ഖാസിമി, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സയൂദി, ചൈനയിലെ യു.എ.ഇ അംബാസഡര്‍ ഹുസൈന് അല്‍ ഹമ്മാദി തുടങ്ങിയവര്‍ ചൈന ബെല്‍റ്റ് ആൻഡ് റോഡ് ഫോറത്തില്‍ ശൈഖ് സഊദിനൊപ്പം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.