ദുബൈ: കനത്ത വേനൽച്ചൂടിനൊപ്പം കാലാവസ്ഥയിലുണ്ടായ മാറ്റം നെഞ്ചിൽ അണുബാധയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. ചൂടും പൊടിയും നിറഞ്ഞ വായുവും ഈർപ്പമുള്ള അന്തരീക്ഷവും കൂടിക്കലർന്ന കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് അനുഭവപ്പെടുന്നത്. ഇതുമൂലം നെഞ്ചിൽ അണുബാധയേൽക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. ബ്രോങ്കൈറ്റിസ് ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയാണ് ഭൂരിഭാഗം പേരും ആശുപത്രിയിലെത്തുന്നതെന്ന് അബൂദബിയിലെ ബരീൻ ഇന്റർനാഷനൽ ഹോസ്പിറ്റൽ റിപ്പോർട്ട് ചെയ്യുന്നു.
കാറ്റിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കലരുന്നത് വായു മലിനീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ദുബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴ്ന്നിരുന്നു. ഇത് അലർജറ്റിക് അസുഖമുള്ളവരെയാണ് കാര്യമായി ബാധിക്കുന്നത്.
രണ്ടാഴ്ച നീളുന്ന ചുമ മൂലം നെഞ്ചിൽ അണുബാധയേൽക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്. പൊടിയും ഈർപ്പവുമുള്ള കാലാവസ്ഥ ആസ്തമബാധിതരായ കുട്ടികളിൽ പലവിധ അസുഖങ്ങൾക്ക് കാരണമാകുന്നതായി ഡോ. റസ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം രോഗികളുടെ എണ്ണം കാര്യമായി വർധിച്ചു.
30 രോഗികളിൽ പകുതി പേരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കാണ് ചികിത്സ തേടിയതെന്നും അവർ പറഞ്ഞു. സാധാരണ തണുപ്പ് കാലങ്ങളിലാണ് ഇത്തരം അസുഖങ്ങൾ കൂടുതലായി കാണാറ്. എന്നാൽ, ചൂടുകാലത്തും ഇത് വർധിക്കുന്നത് കാലാവസ്ഥയിലുണ്ടായ മാറ്റം മൂലമാണ്. യു.എ.ഇയിലെ പല നഗരങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിട്ടുണ്ട്. മാത്രമല്ല, ഈർപ്പം 100 ശതമാനവുമാണ്. രോഗങ്ങൾ വർധിച്ച സാഹചര്യത്തിൽ വിവിധ ആരോഗ്യബോധവത്കരണ കാമ്പയിനുകൾക്കും ആരോഗ്യ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.