ദുബൈ: കാലാവസ്ഥാ മാറ്റത്തോടൊപ്പം കുട്ടികളിലും മറ്റും പലവിധ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ശുചിത്വം പാലിക്കുകയും ആരോഗ്യ ജാഗ്രത പുലർത്തുകയും വേണമെന്ന് വിദഗ്ധർ. പകർച്ചവ്യാധികൾ കുട്ടികളിൽ സാധാരണമാണെങ്കിലും ഇപ്പോൾ മുതിർന്നവരിലും കണ്ടുവരുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ വാക്സിനുകൾ സ്വീകരിക്കാനും സന്നദ്ധമാകണമെന്ന് ഇവർ അഭിപ്രായപ്പെടുന്നുണ്ട്.
രാജ്യം ചൂടിനെ മറികടന്ന് തണുപ്പുകാലത്തേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യു.എ.ഇയുടെ പലഭാഗത്തും ശക്തമായ മൂടൽമഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. കാലാവസ്ഥാ മാറ്റമുണ്ടാകുന്ന സമയങ്ങളിൽ വൈറസുകൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് രോഗികളുടെ എണ്ണം വർധിപ്പിക്കുന്നത്. പനി, പേശി വേദന, വിറയൽ, തലവേദന, വിട്ടുമാറാത്ത ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് മിക്കവരിലും കണ്ടുവരുന്ന ലക്ഷണങ്ങൾ. അവസ്ഥ വഷളാകുകയാണെങ്കിൽ ചില രോഗികൾക്ക് ശ്വാസതടസ്സവും ചെറിയ കുട്ടികളിൽ ഛർദിയോ വയറിളക്കമോ കാണാറുണ്ട്. സ്കൂളുകളിൽനിന്നും വീടുകളിൽനിന്നുമാണ് രോഗം വ്യാപിക്കാൻ സാധ്യതയുള്ളത്.
കൈകൾ നല്ല രീതിയിൽ പതിവായി കഴുകുക, രോഗബാധിതരിൽനിന്നോ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നോ അകന്നുനിൽക്കുക, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്താൻ ഏഴുമുതൽ എട്ടുമണിക്കൂർ വരെ നന്നായി ഉറങ്ങുക, ഫ്ലൂ സീസണിൽ അടച്ച സ്ഥലങ്ങളിലോ തിരക്കേറിയ സ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ മാസ്ക് ധരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.