ദുബൈ: ലോകത്ത് കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തെറ്റായ ദിശയിലാണെന്നും മുൻനിര രാജ്യങ്ങൾ ഐക്യപ്പെടേണ്ടത് അനിവാര്യമാണെന്നും കോപ്28 നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബിർ. ചെന്നൈയിൽ ചേർന്ന ജി20 രാജ്യങ്ങളുടെ മന്ത്രിതല കാലാവസ്ഥ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ ജി20 രാജ്യങ്ങൾക്ക് ചുമതലയുണ്ട്. ശാസ്ത്രവും നമ്മുടെ യുക്തിയും വ്യക്തമാക്കുന്നത് ഭൂമി കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറുകയാണെന്നാണ്.
വർധിച്ചുവരുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ നേരിടാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിലവിൽ പല സൂചകങ്ങളും വ്യക്തമാക്കുന്നത് നാം തെറ്റായ ദിശയിലാണെന്നാണ്. ഈ മാസം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തപ്പെട്ടതോടെ താപനില റെക്കോഡുകൾ ഭേദിച്ച് വർധിക്കുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.ജൈവവൈവിധ്യങ്ങൾ നശിക്കുകയും കാർഷിക ഭൂമിയുടെ കുറഞ്ഞുവരുകയും ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മ വർധിക്കുകയുമാണെന്നും അൽ ജാബിർ ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ 85 ശതമാനവും കാർബൺ പുറന്തള്ളലിന്റെ 80 ശതമാനവും പ്രതിനിധാനം ചെയ്യുന്നത് ജി20 രാജ്യങ്ങളായതിനാൽ കൂട്ടായ്മക്ക് ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയെ നിർണയിക്കുന്നതിൽ ഈ രാജ്യങ്ങളുടെ തീരുമാനത്തിന് വലിയ സ്വാധീനമുണ്ടെന്നും ആൽ ജാബിർ മന്ത്രിമാരുടെ യോഗത്തിൽ വ്യക്തമാക്കി.
നവംബറിൽ ദുബൈ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് (കോപ്28) ഐക്യത്തിന്റെ സന്ദേശവുമായി എത്തിച്ചേരാനും എല്ലാ രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞയാഴ്ച ഗോവയിൽ നടന്ന ഊർജമന്ത്രിമാരുടെ യോഗത്തിലും ഡോ. സുൽത്താൻ അൽ ജാബിർ പങ്കെടുത്തിരുന്നു.
ചൈന, യു.എസ്, യു.കെ, ഇന്ത്യ, യൂറോപ്യൻ യൂനിയൻ എന്നിവയടക്കം സുപ്രധാന രാജ്യങ്ങളുടെ പ്രതിനിധികളെല്ലാം മന്ത്രിതല യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ സംസാരിച്ചതിന് പുറമെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ചകളിലും ഡോ. അൽ ജാബിർ പങ്കാളിയായി.
പാരിസ് ഉടമ്പടിയിൽ ലോകരാജ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള ആഗോള താപനം കുറക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നടപടികൾക്കാണ് ഉച്ചകോടി ശ്രദ്ധയൂന്നുന്നതെന്ന് അൽ ജാബിർ നേതാക്കളോട് പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് നിരവധി ലോക രാഷ്ട്രനേതാക്കളെ ഇതിനകം ക്ഷണിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെന്നപോലെ മിക്ക രാജ്യങ്ങളുടെയും പ്രതിനിധികൾ കോപ് 28ലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.