ദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിൽ യു.എ.ഇ നിർണായക പങ്കുവഹിക്കുന്നതായി യു.എസ് കാലാവസ്ഥ പ്രതിനിധി ജോൺ കെറി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് യു.എ.ഇയുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്. ലോകമെമ്പാടും പുനരുപയോഗ ഊർജം വികസിപ്പിക്കുന്നതിന് പശ്ചിമേഷ്യയിലെ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. യു.എ.ഇയിൽ വളരെ വലിയ സോളാർ വിന്യാസമുണ്ട്. അവർ അതിവേഗം ഹരിത ഹൈഡ്രജൻ പര്യവേക്ഷണം ചെയ്യുന്നു. മറ്റ് രാജ്യങ്ങളിൽ നിക്ഷേപിക്കുകയും അവരുടെ പരിവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നതിലും യു.എ.ഇ മുമ്പിലാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക് അടക്കമുള്ള സംവിധാനങ്ങളെ കുറിച്ച് സൂചന നൽകിയാണ് അദ്ദേഹം യു.എ.ഇയെ പ്രശംസിച്ചത്. 2030ഓടെ മൊത്തം 5,000 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിയിൽ 50 ബില്യൺ ദിർഹമാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പുനരുപയോഗ ഊർജ മേഖലയിൽ നൽകിയ വാഗ്ദാനവും ജോൺ കെറി സംസാരത്തിൽ പരാമർശിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾക്ക് ആഗോള തലത്തിൽ തന്നെ വലിയ സംഭാവനയാണ് യു.എ.ഇ നൽകി വരുന്നത്. 2021 ഏപ്രിലിൽ കാലാവസ്ഥ പ്രവർത്തനത്തിനുള്ള റീജനൽ ഡയലോഗ് അബൂദബിയിൽ നടന്നിരുന്നു. ആഗോള കാലാവസ്ഥ ഉച്ചകോടിയായ Cop28 ന് 2023ൽ യു.എ.ഇയാണ് ആതിഥേയത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.