അബൂദബി: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനത്തിൽ ലോകത്തിന് മുന്നിൽ നടക്കുന്ന യു.എ.ഇ 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനുള്ള പദ്ധതി രൂപരേഖ പുറത്തിറക്കി. 'നെറ്റ് സീറോ' പദ്ധതിയുടെ സമയപരിധിയും നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും വ്യക്തമാക്കുന്ന 'നാഷണൽ നെറ്റ് സീറോ 2050 പാത്ത്വേ' ഈജിപ്തിലെ ശറമുശൈഖിൽ നടക്കുന്ന 'കോപ്-27' വേദിയിലാണ് പുറത്തിറക്കിയത്.
കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ ഏറ്റവും നിർണായകമായ ഒരു ഭീഷണിയാണെന്ന് ചടങ്ങിൽ സംസാരിച്ച യു.എ.ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരി പറഞ്ഞു. ഇത് നമ്മെ മാത്രമല്ല, നാം കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, നാം ജീവിക്കുന്ന സ്ഥലങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, മണ്ണ് എന്നിവയെയെല്ലാം ബാധിക്കുന്നു. എല്ലാ മേഖലകളിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടേണ്ടതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ടിയാണ് യു.എ.ഇ കഴിഞ്ഞ വർഷം നെറ്റ് സീറോ പദ്ധതിക്ക് തുടക്കം കുറിച്ചത് -അവർ വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുന്നത് വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. വ്യവസായം, ഊർജം, ഗതാഗതം എന്നിവയുടെ ഫലമായുണ്ടാകുന്ന മലിനീകരണം കുറച്ച് വായു ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ എക്‌സ്‌പോ-2020 ദുബൈയിൽ വെച്ചാണ് യു.എ.ഇ നെറ്റ് സീറോ-2050 സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ആരംഭിച്ചത്.
ഇത് പൂർത്തിയാക്കാനായി യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ കൗൺസിൽ ഫോർ ക്ലൈമറ്റ് ആക്ഷൻ രൂപീകരിക്കുകയും ചെയ്തിരുന്നു. 23 പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കൗൺസിലാണ് രാജ്യത്തെ കാലാവസ്ഥാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.