ഭൂമിക്ക് സംരക്ഷണം ഒരുക്കാൻ കാലാവസ്ഥ ഉച്ചകോടി കോപ്​28

കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള സമഗ്ര ചർച്ചകൾക്ക്​ വേദിയാകുന്ന ഈ വർഷത്തെ കാലാവസ്ഥ ഉച്ചകോടി (കോപ്​28)യുടെ കൗൺഡൗൺ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്​പോ സിറ്റിയിലാണ്​ നടക്കുന്നത്​. ലോക നേതാക്കൾ, മന്ത്രിമാർ, ആഗോള കാലാവസ്ഥ മാറ്റത്തിനെതിരായ മുൻനിര പോരാളികൾ, ഉദ്യോഗസ്ഥർ തുടങ്ങി 7,0000 പ്രതിനിധികൾ 12 ദിവസങ്ങളിലായി ദുബൈ എക്സപോ സിറ്റിയിൽ ഒരുമിച്ചു കൂടും. ഭാവി തലമുറക്കു വേണ്ടി ഭൂമിയെ സുരക്ഷിതമായി നിലനിർത്താനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം ഇവിടെ ചർച്ച ചെയ്യും. ഈ അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ്​ ഐക്യരാഷ്ട്ര സഭയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്​.

കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ ദുരന്തഫലങ്ങൾ ഏറ്റുവാങ്ങിയ നൂറ്റാണ്ടിലൂടെയാണ്​ നമ്മൾ കടന്നു പോകുന്നത്​. കോവിഡ്​ മഹാമാരിയും ​അടിക്കടിയുണ്ടായ വൻ പ്രളയവും മനുഷ്യരാശിയെ അത്രമേൽ പിടിച്ചുലച്ചിട്ടുണ്ട്​. പ്രകൃതിയെ ഇനിയും സംരക്ഷിച്ച്​ നിർത്താനായില്ലെങ്കിൽ വരും തലമുറകൾക്ക്​ ഇവിടം വാസയോഗ്യമല്ലാതാകുമെന്ന തിരിച്ചറിവിന്‍റെ സമയം അതിക്രമിച്ചിരിക്കുന്നു. കാൺബൺ ഡൈ ഓക്​സൈഡിനേക്കാൾ ആഗോള താപനത്തിന്​ ആക്കം കൂട്ടുന്ന മീഥേയ്​ൻ വാതകത്തിന്‍റെ സാന്ദ്രത യു.എ.ഇയുടെ അന്തരീക്ഷത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ്​ അബൂദബിയിലെ ഖലീഫ​ യൂനിവേഴ്​സിറ്റി നടത്തിയ സാറ്റലൈറ്റ്​ പഠനത്തിൽ നിന്ന്​ വ്യക്​തമായത്​. ഭൂമിയുടെ അന്തരീക്ഷ താപനില വർധിപ്പിക്കുന്നതിൽ കാർബൺഡൈഓക്​സൈഡിനേക്കാൾ 86 മടങ്ങ്​ ശക്​തമാണ് മീഥേയ്​ൻ വാതകമെന്നാണ്​​ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ ഒരു പശ്ചാത്തലത്തിലാണ്​ ആഗോള കാലാവസ്ഥ ഉച്ചകോടിക്ക്​ (കോപ്​28) വീണ്ടും ചർച്ചയാവുന്നത്​.

ഈജിപ്തിലെ ഷാം അൽ ശൈഖിലായിരുന്നു 2022ലെ കാലാവസ്ഥ ഉച്ചകോടി (കോപ്​ 27) നടന്നത്​. സുപ്രധാനമായ ഒരു തീരുമാനം അന്ന്​ ലോക രാജ്യങ്ങൾ കൈകൊണ്ടിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി വികസ്വര രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു തീരുമാനം. ഇതിനായി ലോസ്​ ആൻഡ്​ ഡാമേജ്​ ഫണ്ട്​ രൂപവത്​കരിക്കാൻ ലോക രാജ്യങ്ങൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആര്​ ആർക്ക്​ പണം നൽകണമെന്ന കാര്യത്തിൽ ഇനിയും ആശയക്കുഴപ്പം മാറിയിട്ടില്ലെന്നതാണ്​ ആശങ്കയുണർത്തുന്ന കാര്യം. അന്തരീക്ഷത്തിന്​ ദോഷകരമായ താപ പുറന്തള്ളൽ കുറയ്ക്കുന്നതിലും കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിലും വികസിത രാജ്യങ്ങൾ ഒരടിപോലും മുന്നോട്ടുപോയിട്ടില്ലെന്നതും ആശങ്കയേറ്റുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ പത്തു വർഷങ്ങൾക്ക്​ മുമ്പ്​ വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക്​ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമായ 100 ശതകോടി ഡോളർ ഉറപ്പുവരുത്താൻ നടപടി​വേണമെന്ന മുറവിളിയും ഒരുഭാഗത്ത്​ ശക്​തമാണ്​. ആഗോള താപ നില കുറക്കുന്നതിനായി കോപ്​ 21ന്‍റെ ഭാഗമായിരുന്ന പാരിസ്​ ഉടമ്പടിയിൽ എടുത്ത തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വ്യവസായ വിപ്ലവത്തിന്​ മുമ്പുണ്ടായിരുന്ന താപനിലയായ 1.5 ഡിഗ്രി സെൽഷ്യസിൽ നിന്ന്​ ഉയരാതെ നിലനിർത്തണ​മെന്നായിരുന്നു അന്നെടുത്ത തീരുമാനം. മനുഷ്യൻ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ സമുദ്രങ്ങളുടെ താപ നില ഉയരുന്നതിലേക്ക്​ നയിക്കുകയും അതോടൊപ്പം മഞ്ഞു മലകൾ ഉരുകുന്നതിനും സമുദ്ര നിരപ്പ്​ ഉയരുന്നതിനും കാരണമാകുന്നുണ്ട്​. ഇത്​ ഇല്ലാതാക്കാൻ ലോക രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചു ആഗോള താപ നില ഈ നൂറ്റാണ്ടിൽ രണ്ട്​ ഡിഗ്രിക്ക്​ മുകളിൽ ഉയരാതെ സംരക്ഷിക്കണമെന്നായിരുന്നു പാരിസ്​ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഇതു എത്രമാത്രം പാലിക്കപ്പെട്ടുവെന്നത്​ കോപ്​ 28ൽ ചർച്ചയാവും.

യു.എ.ഇയുടെ വ്യവസായ, നൂതന സാ​ങ്കേതിക വിദ്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിറിനെയാണ്​​ കോപ്​28ന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തിരിക്കുന്നത്​. കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ്​ ഇദ്ദേഹം ചുക്കാൻ വഹിക്കുന്നത്​. വരും തലമുറക്കായി പ്രകൃതിയെ സംരക്ഷിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെ 2023നെ സുസ്​ഥിരത വർഷമായി പ്രഖ്യാപിച്ച വർഷം തന്നെയാണ്​ ആഗോള കാലാവസ്ഥ ഉച്ചകോടിയും കടന്നുവരുന്നത്​. ഭൂമിക്ക്​ തണലൊരുക്കാൻ സമഗ്രവും കാര്യക്ഷമവുമായ നടപടികൾ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. അതിന്​ ചുക്കാൻ പിടിക്കാൻ പ്രകൃതി സൗഹൃദ ആശയങ്ങൾക്ക്​ ഊന്നൽ നൽകുന്ന യു.എ.ഇക്ക്​ കഴിയു​മെന്ന്​ പ്രത്യാശിക്കാം.

Tags:    
News Summary - Climate Summit COP28 to Protect Earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT