ദുബൈ: യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28) വേദിയിൽ ഇത്തവണ ‘ഫെയ്ത്ത് പവിലിയൻ’ ഒരുക്കും. 28 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പവിലിയൻ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ലോകോത്തര സംവാദ വേദിയിൽ ഇടംപിടിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സമാധാന സന്ദേശവുമായി പ്രവർത്തിക്കുന്ന മുസ്ലിം പണ്ഡിതന്മാരുടെ വേദിയായ ‘മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ്’ എന്ന കൂട്ടായ്മയാണ് പവിലിയന് നേതൃത്വം നൽകുന്നത്.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഇടപെടലുകൾ സാധ്യമാകുന്നത് സംബന്ധിച്ച പ്രദർശനങ്ങളുടെ ഒരു ഹബ്ബായിരിക്കും ഈ വേദി. ആഗോള തലത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികൾ, പാരിസ്ഥിതിക നീതി തുടങ്ങിയ വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നതിനും ഇത് വേദിയാകും.
പവിലിയന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ താൽപര്യമറിയിക്കുന്ന അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ട് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കോപ് 28 വേദിയിൽ ചർച്ചയാകുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെഷനുകളും പവിലിയനിൽ ഒരുക്കുന്നുണ്ട്. ഭൂമിയെ ഭാവി ഭാസുരമാക്കുക എന്ന കാഴ്ചപ്പാട് അടിസ്ഥാനമാക്കി മാനവികതയുടെ വിളംബരമാണ് പവിലിയനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് സെക്രട്ടറി ജനറൽ ജഡ്ജ് മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു.
വൈവിധ്യമാർന്ന മതത്തിൽനിന്ന് വിവിധ പശ്ചാത്തലത്തിലുള്ള വ്യത്യസ്ത തലമുറകളിലെ അംഗങ്ങളിൽ വേദിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിരത കൈവരിക്കുന്നതിൽ മതങ്ങളുടെയും മതനേതാക്കളുടെയും വിശ്വാസ അടിത്തറയിലുള്ള സംഘടനകളുടെയും പങ്കാളിത്തത്തെ ഉറപ്പുവരുത്തുകയെന്നതാണ് പരിപാടികളുടെ ലക്ഷ്യം. ദുബൈ എക്സ്പോ സെന്ററിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് കോപ് 28 അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.