അബൂദബി: ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം ശക്തമായ ആഘാതങ്ങൾ ഏൽപ്പിക്കുമ്പോൾ അവയെ മറികടക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും നൂതനാശയങ്ങളുണ്ടോ? എങ്കിൽ ആഗോളതലത്തിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ചാലഞ്ചിലേക്ക് ഈ നിർദേശങ്ങൾ സമർപ്പിക്കാം. വിദഗ്ധരടങ്ങുന്ന ജൂറി ഈ നിർദേശങ്ങൾ പരിഗണിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച നിർദേശങ്ങൾ അസർബൈജാനിലെ ബാക്കുവിൽ ഈ വർഷം നടക്കുന്ന കോപ് 29 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ വിദഗ്ധർക്ക് മുന്നിൽ അവതരിപ്പിക്കാം. ഒപ്പം കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള പ്രത്യേക കോഴ്സ് ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് പഠിക്കാം.
മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ സേവനദാതാക്കളായ ബുർജീൽ ഹോൾഡിങ്സും ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ സൈദ് ബിസിനസ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാന ചാലഞ്ചിന്റെ രണ്ടാം പതിപ്പാണ് ഇതിനു വേദിയൊരുക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ സജ്ജരായ അടുത്ത തലമുറയെ വളർത്തിയെടുക്കാനാണ് ഈ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, ജലക്ഷാമം, വായു മലിനീകരണം, തീവ്രമായ കാലാവസ്ഥ അവസ്ഥകൾ എന്നീ അഞ്ച് വിഷയങ്ങളിൽ ആശയങ്ങൾ സമർപ്പിക്കാം. വിദ്യാർഥികൾ മൂന്ന് മുതൽ അഞ്ചുപേർ വരെയുള്ള ടീമുകളായാണ് പങ്കെടുക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ വിവിധ വശങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാൻ രൂപകൽപന ചെയ്ത പാഠപദ്ധതികളുടെ രൂപത്തിലാണ് അധ്യാപകർ എൻട്രികൾ സമർപ്പിക്കേണ്ടത്.
വ്യക്തിഗത വിഭാഗത്തിലാണ് അധ്യാപകർക്ക് പങ്കെടുക്കാനാവുക. ജൂൺ 10 മുതൽ സെപ്റ്റംബർ 15 വരെ നിർദേശങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷിക്കുന്നതിനും www.sbs.ox.ac.uk/future-climate-innovators വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.