ദുബൈ: ദുബൈ എക്സ്പോ സിറ്റിയിലെ സന്ദർശകരുടെ രണ്ട് പ്രധാന ആകർഷണങ്ങൾ താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു. ആകാശപൂന്തോട്ടം (ഗാർഡൻ ഇൻ ദ സ്കൈ), റാശിദ് കളിസ്ഥലം എന്നിവയുടെ പ്രവർത്തനമാണ് ഒക്ടോബർ ഒന്നു മുതൽ താൽക്കാലികമായി അവസാനിപ്പിക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 12 വരെ യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28ന് വേദിയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എക്സ്പോ സിറ്റി അധികൃതർ അറിയിച്ചു.
360 ഡിഗ്രിയിൽ ഉയർന്നുപൊങ്ങി 4.38 ചതുരശ്ര കിലോമീറ്റർ വരുന്ന ദുബൈ എക്സ്പോ നഗരത്തിന്റെ സുന്ദരക്കാഴ്ചകൾ സമ്മാനിച്ചിരുന്ന സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ആകാശ പൂന്തോട്ടം (ഗാർഡൻ ഇൻ ദ സ്കൈ). അറ്റകുറ്റപ്പണികൾക്ക് ശേഷം കഴിഞ്ഞ ആഗസ്റ്റിലാണ് ഗാർഡൻ ഇൻ ദ സ്കൈ വീണ്ടും സന്ദർശകർക്കായി തുറന്നത്. സാഹസികത നിറഞ്ഞ മറ്റൊരു ആകർഷണമായ റാശിദ് പ്ലേ ഗ്രൗണ്ടും കുട്ടികളുടെ പ്രധാന വിനോദ ഇടങ്ങളിൽ ഒന്നായിരുന്നു. താൽക്കാലികമായി അടക്കുന്ന രണ്ട് വിനോദകേന്ദ്രങ്ങളും എന്ന് മുതൽ പുനരാരംഭിക്കുമെന്ന് എക്സ്പോ അധികൃതർ വ്യക്തമാക്കിയില്ല. ഇത്തവണ കോപ്28ന്റെ വേദി ദുബൈ എക്സ്പോ സിറ്റിയാണ്. 12 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നായി 70,000ത്തോളം സന്ദർശകരാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി എക്സ്പോ സിറ്റിയിൽ ചില മാറ്റങ്ങൾ വരുത്തുകയാണെന്ന് സ്പെഷ്യൽ പ്രോജക്ട് ഡയറക്ടർ ഹെന്ദ് അൽ മെഹ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.