ദുബൈ: ക്ലൗഡ് സീഡിങ് സംവിധാനം ഉപയോഗിക്കുന്നതു വഴി രാജ്യത്ത് പ്രതിവർഷം 15 ശതമാനം അധിക മഴ ലഭിക്കുന്നുണ്ടെന്ന് പഠനം. നേച്ചർ റിസർച് ജേണൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. യു.എ.ഇയുടെ ക്ലൗഡ് സീഡിങ് പദ്ധതികൾ ഓരോ വർഷവും ഏകദേശം 168-838 ദശലക്ഷം ക്യുബിക് മീറ്റർ മഴ അധികമായി സൃഷ്ടിക്കുന്നതായി ഇതിൽ പറയുന്നു. യു.എ.ഇ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസിന്റെ (യു.എ.ഇ.ആർ.ഇ.പി) മേൽനോട്ടത്തിലുള്ള ക്ലൗഡ് സീഡിങ് വഴി ഉപയോഗിക്കാവുന്ന 84-419 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ലഭിക്കുന്നതായും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. യു.എ.ഇയിൽ പ്രതിവർഷം ഏകദേശം 6.7 ശതകോടി ക്യുബിക് മീറ്റർ മഴയാണ് ആകെ ലഭിക്കുന്നത്.
യു.എ.ഇ.ആർ.ഇ.പി കൈവരിച്ച ശ്രദ്ധേയമായ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതികൾ ആഗോളതലത്തിൽ അംഗീകാരം നേടുന്നത് തുടരുകയാണെന്ന് സംവിധാനത്തിന്റെ ഡയറക്ടർ ആലിയ അൽ മസ്റൂയി പറഞ്ഞു. ജലദൗർലഭ്യം നേരിടുന്ന രാജ്യങ്ങളിൽ യു.എ.ഇയുടെ പദ്ധതിക്ക് സമാനമായ ഇടപെടലുകൾക്ക് വലിയ സാധ്യതയാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. ക്ലൗഡ് സീഡിങ്ങിന് ഓരോ ഫ്ലൈറ്റ് മണിക്കൂറിനും ഏകദേശം 29,000 ദിർഹം ചെലവ് വരുന്നുണ്ട്.
ഓരോ വർഷവും ശരാശരി 900 മണിക്കൂറിലധികം ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് രാജ്യം നിലവിൽ നടത്തിവരുന്നത്. ഇതിനായി സർക്കാർ ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ഗണ്യമായ നിക്ഷേപവും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദേശീയ കാലാവസ്ഥ കേന്ദ്രത്തിനു കീഴിൽ യു.എ.ഇ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം മഴ മെച്ചപ്പെടുത്തുന്നതിന് ഗവേഷണ പദ്ധതി നടത്തുന്നുണ്ട്.
ഇത് ആഗോള തലത്തിൽതന്നെ അംഗീകാരം നേടിയ മഴയുടെ അളവ് വർധിപ്പിക്കുന്നതിനുവേണ്ടി നടത്തപ്പെടുന്ന ഗവേഷണ സംരംഭമാണ്. അതോടൊപ്പം ക്ലൗഡ് സീഡിങ് മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായും വിദഗ്ധരുമായും പങ്കാളിത്ത സംരംഭങ്ങളും രാജ്യം വികസിപ്പിച്ചിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷകരും നാഷനൽ സെന്റർ ഓഫ് മീറ്റിയറോളജിയിലെ വിദഗ്ധരും ചേർന്ന് വളരെ സൂക്ഷ്മമായാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. കാലാവസ്ഥ വിശകലനം, ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയുൾപ്പെടെ വിവിധ ഘട്ടങ്ങളായാണ് പ്രക്രിയ പൂർത്തീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.