അബൂദബി: ഖലീഫ തുറമുഖത്തെ സി.എം.എ ടെര്‍മിനല്‍ അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യുട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ഉദ്ഘാടനം ചെയ്തു. സി.എം.എ ടെര്‍മിനല്‍സ് 70 ശതമാനവും അബൂദബി പോര്‍ട്സ് 30 ശതമാനവും പദ്ധതി ചെലവ് വഹിച്ചാണ് 310 കോടി ദിര്‍ഹമിന്റെ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പുതിയ ടെര്‍മിനല്‍ കൂടി പ്രവര്‍ത്തന സജ്ജമായതോടെ ഖലീഫ തുറമുഖത്തിലെ കണ്ടെയ്നര്‍ ശേഷി 23 ശതമാനം കൂടി വര്‍ധിച്ചു. റെയില്‍ ശൃംഖലയുമായി പുതിയ ടെര്‍മിനല്‍ ബന്ധിപ്പിക്കപ്പെട്ടതിനാല്‍ ഖലീഫ തുറമുഖത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയും ചെയ്തു. ഇതോടെ ഖലീഫ തുറമുഖത്തിന്റെ വിസ്തൃതി 6.3 ചതുരശ്ര കിലോമീറ്ററിലേറെയായി.
41 ജെട്ടി ക്രെയിനുകളും 159 യാര്‍ഡ് ക്രെയിനുകളും 11.7 കിലോമീറ്റര്‍ ജെട്ടി മതിലും 3.8 കിലോമീറ്റര്‍ നീളമുള്ള കടല്‍ഭിത്തിയും തുറമുഖത്തിനുണ്ട്. അബൂദബി പോര്‍ട്സ് ഗ്രൂപ് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ ഷമീസ് കിരീടാവകാശിക്ക് ടെര്‍മിനലിനെക്കുറിച്ച് വിശദീകരിച്ചു നല്കി. സി.എം.എ സി.ഇ.എം ഗ്രൂപ് ചെയര്‍മാനും സി.ഇ.ഒയുമായ റൂഡോല്ഫ് സാദേ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
ജി.സി.സിയിലും യു.എ.ഇയിലും മാരിടൈം പരിശീലനവും വിദ്യാഭ്യാസവും വിപുലീകരിക്കുന്നതിനുള്ള ധാരണപത്രത്തില്‍ റൂഡോള്‍ഫ് സാദെയും ക്യാപ്റ്റന്‍ മുഹമ്മദ് ജുമാ അല്‍ ഷമീസിയും ചടങ്ങിനിടെ ഒപ്പുവെക്കുകയുമുണ്ടായി.
അബൂദബി മാരിടൈം അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും തങ്ങളുടെ ഫ്ലാഗ്ഷിപ് കപ്പലുകളില്‍ അവര്‍ക്ക് ജോലിയും നല്‍കുമെന്ന് സി.എം.എ സി.ജി.എം ഗ്രൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.