ദുബൈ: കോവിഡ് വാക്സിൻ വിതരണത്തിന് അനുമതി നൽകിയതിന് പിന്നാലെ അബൂദബിയിൽ 20 ടൺ കോവിഡ് വാക്സിൻ എത്തി. ഇത്തിഹാദിെൻറ കാർഗോ വിമാനത്തിൽ അബൂദബി വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്. ഇത് വെയർഹൗസിലെ സ്റ്റോറേജിലേക്ക് മാറ്റി. ചൈനയുടെ സിനോഫോം വാക്സിനാണ് എത്തിയത്. ഇത് ആരോഗ്യ മേഖലയിലെ പ്രധാന നാഴികക്കല്ലാണെന്ന് അബൂദബി ആരോഗ്യ വിഭാഗം ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് പറഞ്ഞു.
സിനോഫോം വാക്സിൻ കോവിഡ് പ്രതിരോധത്തിന് 86 ശതമാനം ഫലപ്രദമാണെന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. വാക്സിന് താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്നറിയിച്ച മന്ത്രാലയം തൊട്ടുപിന്നാലെ കുത്തിവെപ്പിന് സന്നദ്ധരാകുന്നവർക്ക് വാക്സിനെടുക്കാൻ വിവിധ എമിറേറ്റുകളിൽ സൗകര്യവും ഏർപ്പെടുത്തി. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് വാക്സിനെടുക്കാൻ സൗകര്യമുള്ളത്. വിസ നൽകിയ എമിറേറ്റിലെ കേന്ദ്രങ്ങളിൽ നിന്നാണ് പ്രവാസികൾ കുത്തിവെപ്പെടുക്കേണ്ടത്. സേഹയുടെ 80050 എന്ന നമ്പറിൽ വിളിച്ച് വാക്സിന് അപ്പോയ്ൻമെൻറ് എടുക്കാം. കോവിഡ് നെഗറ്റിവ് ആണെന്ന പരിശോധനഫലവും എമിറേറ്റ്സ് ഐ.ഡിയും ആവശ്യമാണ്.
വാക്സിൻ ലഭിക്കുന്ന സ്ഥലങ്ങൾ
അബൂദബി: സേഹയുടെ ക്ലിനിക്കുകളിലും വി.പി.എസ് ശാഖകളിലും
ദുബൈ: ദുബൈ പാർക്ക്സ് ആൻഡ് റിസോർട്സിലെ ഫീൽഡ് ആശുപത്രിയിൽ
അജ്മാൻ: വാസിത് മെഡിക്കൽ സെൻറർ, അൽഹുമൈദ സെൻറർ
ഉമ്മുൽഖുവൈൻ: അൽബൈത്ത് മെത് വാഹിദ് അടക്കം വിവിധ കേന്ദ്രങ്ങൾ
ഫുജൈറ: മുറാശിദ് മെഡിക്കൽ സെൻറർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.