ഷാർജ: ഒരൊറ്റയാൾ തലയെടുപ്പോടെ നിന്ന് ആഘോഷത്തിന്റെ കുടമാറ്റം നടത്തിയ ഷാർജ പൂരമായിരുന്നു ഇന്നലെ. തൃശൂർ പൂരത്തിന്റെ പകൽപൂരത്തോട് കിടപിടിക്കുന്ന കമൽപൂരം. ഇന്ത്യൻ സിനിമാലോകത്തിലെ ഒരേയൊരു കമൽഹാസൻ ഉത്സവത്തിന്റെ തിടമ്പേറ്റിയപ്പോൾ പ്രവാസലോകത്തിലെ സാംസ്കാരികാഘോഷ ചരിത്രത്തിലെ പുതിയ അധ്യായമായി 'ഗൾഫ് മാധ്യമം കമോൺ കേരള' മാറുന്നതിനാണ് ഷാർജ സാക്ഷ്യം വഹിച്ചത്. ആരാധകർക്ക് മാത്രമല്ല, പാട്ടിലൂടെയും നൃത്തത്തിലൂടെയും ഉലകനായകന്റെ സിനിമകളിലൂടെ നടത്തിയ യാത്ര കമലിനും അവിസ്മരണീയ രാവാണ് സമ്മാനിച്ചത്. 400 കോടി ക്ലബിലേക്ക് കുതിക്കുന്ന 'വിക്രം' സിനിമയുടെ റിലീസിന്റെ 25ാം ദിവസത്തിന്റെ വിജയാഘോഷവും 'സെലിബ്രേറ്റിങ് ദ ലജൻഡ്' പരിപാടിയിൽ നടന്നു. കമലിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം. അറബ് പരമ്പരാഗത നൃത്തരൂപമായ അയാലയുടെ അകമ്പടിയോടെയായിരുന്നു കറുപ്പഴകിൽ 'കമോൺ കേരള'യിൽ കമലിന്റെ 'മാസ് എൻട്രി'. കമൽ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി മനോജ് കുമാർ വയലിനിൽ അവതരിപ്പിച്ച നാദാർച്ചനയോടെയായിരുന്നു 'കമലോത്സവ'ത്തിന്റെ തുടക്കം. 'തെൻപാണ്ടിച്ചീമയിലേ', 'മേലേ പൂമല', 'നീലവാനച്ചോലയിൽ', 'കണ്ണേ കലൈമാനേ', 'വിക്രം' തീം സോങ് തുടങ്ങിയവ മനോജ് കുമാർ വയലിനിൽ വായിച്ചത് കമൽ നന്നായി ആസ്വദിക്കുകയും ചെയ്തു.
നടനും നർത്തകനുമായ റംസാനും സംഘവും കമൽ സിനിമകളിലെ പാട്ടുകളിലൂടെ നടത്തിയ നൃത്തയാത്രയും മികച്ച ദൃശ്യവിരുന്നായി. 'കടവുൾ പാതി മിറിഗം പാതി', 'എങ്കെയും എപ്പോതും', 'കൺമണി അൻപോട് കാതലൻ' എന്നിവയും 'വിശ്വരൂപം', 'വിക്രം' എന്നിവയിലെ പാട്ടുകളും മികവോടെ ആവിഷ്കരിച്ച റംസാനെയും കൂട്ടരെയും അഭിനന്ദിക്കാനും കമൽ മറന്നില്ല. കമലിന്റെ ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ വിഡിയോ അവതരണത്തിൽ കമൽ ഇന്ത്യൻ സിനിമയിൽ കൊണ്ടുവന്ന സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിവരണത്തെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.
ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ മഹോത്സവമായ 'കമോൺ കേരള'യും അതിലെ പരിപാടികളും അന്താരാഷ്ട്ര നിലവാരമുള്ളവയാണെന്ന് വയലിൻ അവതരണത്തിലൂടെയും നൃത്താവിഷ്കാരത്തിലൂടെയും തന്നെ മനസ്സിലായെന്ന് കമൽഹാസൻ പറഞ്ഞു. 'എന്റർടെയ്ൻമെന്റിന്റെ നിലവാരത്തിൽ തനതായ മുദ്ര പതിപ്പിച്ച പരിപാടിയാണിത്. ഇവിടെ മനോഹരമായി നൃത്തം ചെയ്ത കലാകാരന്മാരോട് എനിക്ക് അസൂയയല്ല, അവരെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു.
ഇവിടെ അവതരിപ്പിക്കപ്പെട്ട പാട്ടുകൾ കേട്ടപ്പോൾ ആ കാലത്തിലേക്കും ഒരുപാട് ഓർമകളിലേക്കും ഞാൻ പോയി. എന്റെ ചലച്ചിത്ര ജീവിതത്തിലൂടെയുള്ള യാത്ര ഇവിടെ കണ്ടപ്പോൾ എന്റെ തുടക്കം ഓർമവന്നു. ഇപ്പോൾ എത്തിനിൽക്കുന്ന സ്ഥാനത്ത് നിങ്ങൾ നൽകിയ സ്നേഹത്തിലൂടെയാണ് എത്തിച്ചേർന്നതെന്നും തിരിച്ചറിഞ്ഞു. ആ സ്നേഹത്തിന് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഇനിയും നല്ല നല്ല സിനിമകളിലൂടെ, കലയിലൂടെ എന്റെ സ്നേഹം നിങ്ങൾ ഓരോരുത്തരിലേക്കും എത്തിക്കുമെന്ന് വാക്കുതരുക മാത്രം ചെയ്യുന്നു' -കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.