ഷാർജ: കമോൺ കേരളയുടെ ഭാഗമായി സ്കൈ ഡസ്റ്റ് സംഘടിപ്പിച്ച കരിയർ എക്സ്പോയിൽ പങ്കെടുത്തത് ആയിരങ്ങൾ. വിവിധ കമ്പനികളിൽനിന്നുള്ള വ്യത്യസ്ത ഒഴിവുകളിലേക്ക് മേളയോടനുബന്ധിച്ച് സി.വികൾ ശേഖരിക്കുകയും നിരവധി കമ്പനി പ്രതിനിധികളടക്കം പങ്കെടുത്ത ഇന്റർവ്യൂകളും നടന്നു. നടന്ന ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ നൂറോളം പേർക്ക് ജോലി ഉറപ്പുവരുത്താൻ കഴിഞ്ഞതായി സ്കൈ ഡസ്റ്റ് വൈസ് ചെയര്മാന് അബ്ദുല്ല സവാദ് പറഞ്ഞു.
തൊഴിൽ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് മേളയോടനുബന്ധിച്ച് നിരവധി കമ്പനികളുമായി ധാരണപത്രം ഒപ്പുവെച്ചതായും സ്കൈ ഡസ്റ്റ് ജനറല്‍ മാനേജര്‍ മുഹമ്മദ് സാദിക്ക് പറഞ്ഞു. കരിയര്‍ എക്സ്പോയോടനുബന്ധിച്ച് ജോബ് ഗൈഡന്‍സ്, സ്കില്‍ ഡെവലപ്മെന്റ് വർക്ക് ഷോപ്പുകളും സി.വി ക്ലിനിക്ക്, മോക്ക് ഇന്റര്‍വ്യു എന്നിവ സ്കൈ ഡസ്റ്റ് കരിയർ മേളയിൽ അരങ്ങേറി. കരിയര്‍ മേളയില്‍ മൂന്ന് ദിവസങ്ങളിലായി രണ്ടായിരത്തിലേറെ പേര് പങ്കെടുത്തു.
സ്കൈ ഡസ്റ്റിന്റെ മൂന്നാമത് എക്സ്പോയാണ് കമോണ്‍ കേരളയില്‍ അരങ്ങേറിയത്. യു.എ.ഇയിലെത്തുന്ന തൊഴില്‍ അന്വേഷകര്‍ക്കായി ജോലി സാധ്യതകള്‍ കണ്ടെത്തി സൗജന്യ സേവനം നല്കുന്ന സ്കൈ ഡസ്റ്റ് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. യു.എ.ഇയിലെ കമ്പനികള്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് എച്ച്.ആര് ഇവന്റുകള്‍ എന്നിവ സ്കൈ ഡസ്റ്റ് ഒരുക്കുന്നുണ്ട്. ഡോ. സംഗീത് ഇബ്രാഹീം, അവില് പിന്റോ, റജിഡ് ഖാദര്‍, സാദിഖ് പടിക്കല്‍, ലിയ റീയലോണ്, കാസിം പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. ഇമ്പക്സ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ നുവൈസ് കരിയര്‍ എക്സ്പോ 3.0 ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫർഹാന്, അനീസ് അലിയാര്, അജ്മല്‍ മുഹമ്മദ് എന്നിവര്‍ കരിയര്‍ എക്സ്പോക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.