യാസ് ദ്വീപിലേക്കു വരൂ, മികച്ച ടിക്കറ്റ് പ്ലാനുകള്‍ റെഡി

ആഢംബരവും പ്രൗഡിയും നിറഞ്ഞ, നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന, വേറിട്ട വിനോദോപാധികള്‍ ഒരുക്കി സന്ദര്‍ശകരെ മാടിവിളിക്കുന്ന അബൂദബിയുടെ സുപ്രധാന ടൂറിസം പദ്ധതികളിലൊന്നാണ് യാസ് ഐലന്‍റ്. ഒരുവട്ടമെങ്കിലും അവിടേക്ക് പോവാനും ഉല്ലസിക്കാനും ജീവിതം ആഘോഷമാക്കാനും ആഗ്രഹിക്കുന്നവര്‍ നിരവധി.

എങ്കിലും സാധാരണക്കാരന് പലപ്പോഴും എളുപ്പമല്ല, ഇവിടേക്കുള്ള പ്രവേശനം എന്നതാണ് വസ്തുത. കനത്ത ഫീസ് നിരക്ക് തന്നെയാണ് പ്രധാന വില്ലന്‍. ഇതിനൊരു പരിഹാരം ഒരുക്കിരിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍. യാസ് ഐലന്‍റിലെ തീം പാര്‍ക്കുകളിലേക്കുള്ള ടിക്കറ്റുകളോ വാര്‍ഷിക പാസുകളോ കരസ്ഥമാക്കാന്‍ വിവിധങ്ങളായ പേമെന്‍റ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നോ നാലോ തവണയായി പണം അടയ്ക്കാൻ സൗകര്യം ഏര്‍പ്പെടുത്തി സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ഇവിടെ. ഫെരാരി വേള്‍ഡ് അബൂദബി, യാസ് വാട്ടര്‍വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബൂദബി എന്നീ തീം പാര്‍ക്കുകളിലേക്കുള്ള ടിക്കറ്റ്, വാര്‍ഷിക്പാസ് എന്നിവ വാങ്ങുന്നതിനാണ് ഇപ്പോള്‍ സൗകര്യമുള്ളത്.

അബൂദബിയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധവുമായ ടൂറിസം പദ്ധതികളിലൊന്നാണ് യാസ് ഐലന്‍റ്. 25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായ സ്ഥിതിചെയ്യുന്ന യാസ് ഐലന്‍റിലാണ് യാസ് മറീന സര്‍ക്യൂട്ട് ഉള്ളത്. 2009 മുതല്‍ ഫോര്‍മുല വണ്‍ അബൂദബി ഗ്രാന്‍റ് പ്രി അരങ്ങേറുന്നത് ഇവിടെയാണ്. അബൂദബി ആസ്ഥാനമായ അല്‍ദാര്‍ പ്രോപര്‍ട്ടീസ് 2006ലാണ് യാസ് ഐലന്‍റിലെ വികസന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചത്. ദ്വീപിനെ വിനോദം, ഷോപ്പിങ് തുടങ്ങിയ വിവിധോദ്ദേശ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചത്.

ഫെരാരി വേള്‍ഡ്, യാസ് വാട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബൂദബി, സീ വേള്‍ഡ് അബൂദബി, ക്ലൈമ്പ് അബൂദബി, യാസ് മറീന സര്‍ക്യൂട്ട്, യാസ് ലിങ്ക്‌സ്, യാസ് ബീച്ച്, ഡു അറീന, ഇത്തിഹാദ് അറീന, യാസ് മാള്‍, യാസ് പ്ലാസ ഹോട്ടല്‍സ് തുടങ്ങി ആകര്‍ഷകമായ നിരവധി നിര്‍മിതികളും ഇടങ്ങളുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

യാസ് ഐലന്‍റിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി യാസ് എക്‌സ്പ്രസ് ഷട്ടില്‍ സര്‍വീസും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെങ്ങും കടുത്ത ആരാധകരുള്ള അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ്(യു.എ.ഫ്‌സി)വരെ യാസ് ഐലന്‍റില്‍ അരങ്ങേറുന്നുണ്ട്.

1.8 ബില്യണ്‍ ദിര്‍ഹം മുതല്‍മുടക്കി 397,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സുസ്ഥിര നഗരം യാസ് ദ്വീപില്‍ ഉയരാന്‍ ഒരുങ്ങുകയാണ്. 3,000 ചതുരശ്ര മീറ്ററില്‍ 864 ടൗണ്‍ ഹൗസുകളും അപ്പാര്‍ട്ടുമെന്‍റുകളും അടങ്ങുന്ന പദ്ധതി, 2022 അവസാനത്തോടെ ആരംഭിച്ച് 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അബൂദബി ആസ്ഥാനമായ അല്‍ ദാര്‍ പ്രോപ്പര്‍ട്ടീസും ദുബൈയിലെ ഡയമണ്ട് ഡെവലപ്പേഴ്‌സും സംയുക്തമാണ് സുസ്ഥിര നഗരം തയ്യാറാക്കുന്നത്.

കാര്‍ രഹിത പാര്‍പ്പിട സമുച്ചയങ്ങള്‍, റീ സൈക്ലിംഗ് സൗകര്യങ്ങള്‍, ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ ഫാമിങ് എന്നിവയുണ്ടാകും. റെസിഡന്‍ഷ്യല്‍, റീട്ടെയില്‍ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കും. കുതിരസവാരി കേന്ദ്രം, ആരാധനാലയം, സൈക്ലിംഗ്, ജോഗിംഗ് ട്രാക്കുകള്‍, വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ് ഏരിയകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വൈദ്യുതി ബില്ല് പൂര്‍ണമായും ലാഭിക്കാന്‍ സാധിക്കുംവിധം ഊര്‍ജ പുനരുപയോഗ സംവിധാനവും ഇവിടുത്തെ പ്രത്യേകതയാണ്.

യു.എ.ഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സിയും യാസ് ഐലന്‍റിലാണുള്ളത്. നാല് കാറുകളാണ് യാസ് ദ്വീപിലുള്ളത്. യാസ് ദ്വീപില്‍ ഐകിയ, യാസ് ബീച്ച്, യാസ് മാള്‍, യാസ് മറീന, ഡബ്ല്യു ഹോട്ടല്‍, ഇത്തിഹാദ് അറീന, ഫെരാരി വേള്‍ഡ്, വാട്ടര്‍ വേള്‍ഡ് തുടങ്ങി ഒമ്പതിടങ്ങളിലാണ് ഡ്രൈവറില്ലാ കാറുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

Tags:    
News Summary - Come to Yas Island, Best Ticket Plans Ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.