ദുബൈ: ഏറ്റവും പുതുമയുള്ള സംവിധാനങ്ങളും സാങ്കേതികവിദ്യയും പെട്ടെന്ന് സ്വീകരിക്കുന്ന യു.എ.ഇയിൽ, ലോകത്ത് വികസിക്കുന്ന ബഹിരാകാശ ടൂറിസവും വൈകാതെ എത്തും.
ഈ മേഖലയിലെ ലോകപ്രശസ്ത കമ്പനിയായ ബ്ലൂ ഒറിജിനുമായി ചേർന്ന് ഇതിനായി സർക്കാർ പ്രവർത്തനം ആരംഭിച്ചതായി സാമ്പത്തിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇതിനായി രാജ്യത്ത് ബഹിരാകാശ ടൂറിസം വിമാനങ്ങൾ എത്തിക്കുകയും ബഹിരാകാശതാവളം സ്ഥാപിക്കുകയും ചെയ്യും.
ദുബൈയിൽ വെള്ളിയാഴ്ച അവസാനിച്ച അന്താരാഷ്ട്ര ബഹിരാകാശയാത്ര ശാസ്ത്ര സമ്മേളനത്തിനിടെ, ഇത് സംബന്ധിച്ച് ധാരണയിലെത്തുന്നതിന് ഔദ്യോഗിക ചർച്ചകൾ നടന്നു. സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖും ബ്ല്യൂ ഒറിജിൻ വൈസ് പ്രസിഡൻറ് ബ്രെൻറ് ഷെർവുഡുമാണ് ചർച്ചയിൽ പങ്കെടുത്തത്.
ബഹിരാകാശ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക വികസനത്തിനുള്ള മന്ത്രാലയത്തിെൻറ താൽപര്യം പൂർത്തിയാക്കുന്നതിന് ഒരു പദ്ധതി വികസിപ്പിക്കാൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്.
ഏറ്റവും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും വകസിപ്പിക്കാനും പങ്കാളിത്ത കമ്പനികളുമായി ചേർന്ന് മന്ത്രാലയം പ്രവർത്തിക്കുന്നതായി മന്ത്രി അബ്ദുല്ല ബിൻ തൗഖ് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂ ഒറിജിനിെൻറ ബഹിരാകാശ നിർമാണത്തിലും ബഹിരാകാശ, ലോ എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് സേവനങ്ങളിലുമുള്ള പ്രമുഖരുടെ വൈദഗ്ധ്യം കമ്പനിയുമായുള്ള സഹകരണത്തിലൂടെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആമസോൺ സ്ഥാപകനും പ്രമുഖ അമേരിക്കൻ സംരംഭകനുമായ ജെഫ് ബെസോസിെൻറ ഉടമസ്ഥതയിലുള്ളതാണ് ബ്ല്യൂ ഒറിജിൻ. 'ന്യൂ ഷെപ്പേർഡ്' എന്നറിയപ്പെടുന്ന മിഷനിലൂടെ എട്ടുപേരെ കമ്പനി ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.
90കാരനായ സിനിമാ താരം വില്യം ഷാറ്റ്നറും ഇതിൽ ഉൾപ്പെടും. നിലവിൽ കമ്പനി ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ സ്പേസ് പോർട്ടുകൾ സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനാണ് യു.എ.ഇയെ പരിഗണിച്ചത്. ബഹിരാകാശ ഗഷേണത്തിനും പഠനത്തിനും മികച്ച പരിഗണന നൽകുന്ന യു.എ.ഇ ഭരണകൂടത്തിെൻറ നയം ഇതിന് ഏറെ പ്രയോജനപ്പെടുമെന്നും കമ്പനി വിലയിരുത്തുന്നു.
നിലവിൽ 22 ബില്യൺ ദിർഹം മൂല്യമുള്ള നിക്ഷേപം യു.എ.ഇ ബഹിരാകാശ രംഗത്ത് നടത്തിയിട്ടുണ്ട്. ഇതിലൂടെ 3200 തൊഴിലവസരങ്ങളും 52 കമ്പനികളും രാജ്യത്ത് ഉണ്ടായെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.
സ്പേസ് ടൂറിസം കൂടി പ്രാവർത്തികമായാൽ ഈ രംഗത്ത് കൂടുതൽ നിക്ഷേപമുണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.