ദുബൈ: ‘എനിക്കാ ഫിഷ് നിർവാണയൊന്ന് ടേസ്റ്റ് ചെയ്യണം. എന്റെ അമ്മയുണ്ടാക്കുന്ന റെസീപി ഇത് തന്നെയാണോ എന്നറിയണം’- ഷെഫ് സുരേഷ് പിള്ളയോട് കൊച്ചു മിടുക്കന്റെ സംശയമിതായിരുന്നു. വേദിയിലെത്തി ടേസ്റ്റ് നോക്കിയ അവൻ അമ്മയുടെ റെസീപിക്കും പിള്ളയുടെ ഫിഷ് നിർവാണക്കും നൂറ് മാർക്കിട്ടാണ് തിരിച്ചിറങ്ങിയത്. ‘കമോൺ കേരള’ വേദിയിൽ ഷെഫ് പിള്ള അവതരിപ്പിച്ച ‘മാസ്റ്റർ ഷെഫ്’ പരിപാടി ആസ്വാദകരെ കൈയിലെടുക്കുന്നതായിരുന്നു. വ്ലോഗർ ബാസിമും ഒപ്പം ചേർന്നപ്പോൾ കാണികൾക്ക് രുചിവിരുന്നായി.
രുചിഭേദങ്ങളുടെ പുതിയ ടിപ്സുകൾ പകർന്നു നൽകിയ സെഷൻ നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും നിറഞ്ഞ സദസ്സിൽ പിള്ളയുടെ മാസ്റ്റർ പീസായ ഫിഷ് നിർവാണയായിരുന്നു ഹൈലൈറ്റ്. വേദിയിൽതന്നെ പൊരിച്ചെടുത്ത മീൻ കുഴിവുള്ള ചീനിച്ചട്ടിയിലിട്ട് തേങ്ങാപ്പാലും കുരുമുളകും മസാലകളും ചേർത്ത് വേവിച്ചെടുത്ത് വാഴയിലയിൽ വിളമ്പിയാണ് പിള്ള ഫാൻസിനെ കൈയിലെടുത്തത്.
പോർചുഗലിലെ സിറിയൻ കാത്തലിക് വീടുകളിലെ മുഖ്യ ഇനമായ ഫിഷ് നിർവാണ മലയാളികൾക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. മീനിനെ കുറിച്ച് പാട്ടുപാടുന്നവർക്ക് ഫിഷ് നിർവാണ ടേസ്റ്റ് ചെയ്യാൻ അവസരവും നൽകി. ആദ്യമെത്തിയ ഗായത്രി എന്ന വീട്ടമ്മ പാടിയത് ‘അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്’ പാട്ട്. മീൻ പാട്ടുകൾ ഓരോന്നായി പിന്നാലെ വന്നുകൊണ്ടിരുന്നു.
സദസ്സിന്റെ ചോദ്യങ്ങൾക്ക് പിള്ളയും ബാസിമും മറുപടി കൊടുത്തുകൊണ്ടിരുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ള ഡിഷ് ഏതാണ്, കുട്ടികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഡിഷ് ഏതാണ്... അങ്ങനെ നീണ്ടുപോയി ചോദ്യങ്ങൾ. പാചകത്തിനൊപ്പം സ്നേഹത്താൽ പൊതിഞ്ഞ വാചകവും നടത്തിയാണ് പിള്ള സദസ്സിൽ നിറഞ്ഞത്. ദുബൈയിൽ തുറക്കാനിരിക്കുന്ന പുതിയ ഹോട്ടലിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.