‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ സമാപന ദിനത്തിൽ യു.എ.ഇയിലെ പ്രവാസ ലോകത്തെ കമൽഹാസൻ അഭിസംബോധന ചെയ്യുന്നു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, കല്യാൺ സിൽക്സ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ, അൽ മാജിദ് ഗ്രൂപ് ചെയർമാൻ മാനി അൽ മാജിദ് എന്നിവർ സമീപം (ചിത്രം: അഷ്കർ ഒരുമനയൂർ)

കമോൺ കേരളക്ക് കൊടിയിറക്കം

ഷാർജ: വീണ്ടെടുപ്പിന്‍റെ കാലത്ത് അതിജീവനത്തിന് കരുത്തും ദിശാബോധവും ആത്മവിശ്വാസവും പകർന്ന് പുതുചരിതമെഴുതി 'ഗൾഫ് മാധ്യമം കമോൺ കേരള'ക്ക് സമാപനം. അറബ് രാജ്യങ്ങളുമായി ഇന്ത്യൻ വാണിജ്യ ലോകത്തിന്‍റെ ബന്ധം അരക്കിട്ടുറപ്പിച്ച് അരങ്ങേറിയ നാലാം എഡിഷൻ പരസ്പര വിശ്വാസത്തിന്‍റെയും ഐക്യപ്പെടലിന്‍റെയും ആഹ്വാനത്തോടെയാണ് കൊടിയിറങ്ങിയത്.

മൂന്നു ദിനംകൊണ്ട് സന്ദർശകർ കടലായി ഒഴുകിയെത്തിയ കമോൺ കേരള മഹാമാരി എത്തിയ ശേഷം പ്രവാസലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മേളയായി മാറി. കൂടുതൽ പുതുമകളോടെ 2023ൽ അഞ്ചാം എഡിഷനുമായി വീണ്ടും കാണാം എന്ന പ്രഖ്യാപനത്തോടെയാണ് സന്ദർശകരും സംഘാടകരും വാണിജ്യ പങ്കാളികളും പിരിഞ്ഞത്. പുതിയ വ്യാപാര ഉടമ്പടികളും ആശയങ്ങളും പിറവിയെടുത്ത മേള സാംസ്കാരിക പരിപാടികളാലും വാണിജ്യ ചർച്ചകളാലും സമ്പുഷ്ടമായിരുന്നു.

'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ സമാപന ദിനത്തിൽ യു.എ.ഇയിലെ പ്രവാസ ലോകത്തെ കമൽഹാസൻ അഭിസംബോധന ചെയ്യുന്നു. അവതാരകൻ മിഥുൻ രമേഷ്, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, കല്യാൺ സിൽക്സ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ, അൽ മാജിദ് ഗ്രൂപ് ചെയർമാൻ മാനി അൽ മാജിദ്, അരാദ ഗ്രൂപ് സി.എഫ്.ഒ ഷിമ്മി മാത്യു, ഹോട്പാക്ക് ഗ്ലോബൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ എന്നിവർ സമീപം (ചിത്രം: അഷ്കർ ഒരുമനയൂർ)

സദസ്സും എക്സിബിഷൻ സെന്‍ററും നിറഞ്ഞുകവിഞ്ഞ അവസാന ദിനം ആവേശം വിതറി ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം കമൽഹാസൻ വേദിയിലെത്തി. ജി.സി.സിയിലെ ഏറ്റവും വലിയ ഇന്ത്യൻ, ഇന്‍റർനാഷനൽ മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവാസലോകത്ത് ഇത്രയും ഇന്ത്യൻ ജനതയെ ഒരുമിച്ച് ചേർത്ത ഗൾഫ് മാധ്യമത്തിന്‍റെ അണിയറശിൽപികൾ അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താനൊരു തമിഴനല്ല. മലയാളിയാണ്. നിങ്ങളില്ലായിരുന്നെങ്കിൽ ഇന്നത്തെ കമൽഹാസൻ ഉണ്ടാവില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നും കമൽഹാസൻ പറഞ്ഞു. പരമ്പരാഗത ഇമാറാത്തി നൃത്തമായ അയാലയുടെ അകമ്പടിയോടെയാണ് കമൽഹാസനെ വേദിയിലേക്ക് ആനയിച്ചത്.

കമൽഹാസൻ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി വയലിനിസ്റ്റ് മനോജ് കുമാറും നൃത്തങ്ങൾ അവതരിപ്പിച്ച് നടനും നർത്തകനുമായ റംസാനും കമൽഹാസന് ആദരമൊരുക്കി. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് കമൽഹാസനെ സ്വീകരിച്ചു. അൽ മാജിദ് ഗ്രൂപ് ചെയർമാൻ മാനി അൽ മാജിദ്, കല്യാൺ സിൽക്സ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ, ഹോട്പാക്ക് ഗ്ലോബൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ, അരാദ ഗ്രൂപ് സി.എഫ്.ഒ ഷിമ്മി മാത്യു, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സിതാര കൃഷ്ണകുമാർ, ആൻ ആമി, അക്ബർ ഖാൻ, ജ്ഞാനശേഖർ, മിഥുൻ ജയരാജ്, റംസാൻ എന്നിവർ അണിനിരന്ന ഗാനസന്ധ്യ അരങ്ങേറി.

Tags:    
News Summary - Common Kerala 2022 End

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.