ഷാർജ: മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ 'ഗൾഫ് മാധ്യമം കമോൺ കേരള' നാലാം എഡിഷന് ഷാർജ എക്സ്പോ സെന്‍ററിൽ വെള്ളിയാഴ്ച കൊടിയേറ്റം. ഷാർജ ചേംബർ ഓഫ് കോമേഴസ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ നടക്കുന്ന മേള 26ന് സമാപിക്കും. ഇന്ത്യൻ സിനിമയിലെ ഇതിഹാസം കമൽഹാസൻ, മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമതാരങ്ങളും ഗായകരും അണിനിരക്കും. മഹാമാരി എത്തിയശേഷം ഷാർജ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ മേളയാണിത്.
അതിമനോഹര സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും മൂന്ന് സായാഹ്നങ്ങളും. പ്രവാസി സംരംഭകർ വിജയമന്ത്രങ്ങൾ പങ്കുവെക്കുന്ന 'ബോസസ് ഡേ ഔട്ട്', വ്യവസായ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ധനകാര്യ വിദഗ്ധരും ആശയങ്ങൾ പങ്കുവെക്കുന്ന ബിസിനസ് കോൺക്ലേവ്, വീടൊരുക്കുന്നവർക്ക് വഴികാട്ടിയാവുന്ന പ്രോപ്പർട്ടി ഷോ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ്, രുചിയുടെ മാമാങ്കമൊരുക്കുന്ന ടേസ്റ്റി ഇന്ത്യ, അനന്തമായ നിക്ഷേപസാധ്യതകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓപർച്യൂണിറ്റി സോൺ, സഞ്ചാര പ്രേമികളുടെ ഇഷ്ട ഇടമായ ഡ്രീം ഡെസ്റ്റിനേഷൻ, വിദ്യാഭ്യാസ-കരിയർ മാർഗനിർദേശങ്ങൾ നൽകുന്ന നോളഡ്ജ് സോൺ തുടങ്ങിയവ ഈ സീസണിന്‍റെ പ്രത്യേകതകളാണ്. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ അനന്തസാധ്യതകളിലേക്ക് വിരൽചൂണ്ടുന്നതായിരിക്കും നാലാം എഡിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.