ഷാര്‍ജ: വീടും പറമ്പും പണയംവെച്ച് ഗള്‍ഫിലൊരു ജോലി തേടി മണലാരണ്യത്തിലെത്തി തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി ജീവിതം നരകതുല്യമായ നിരവധി സംഭവങ്ങള്‍ തീരാക്കഥയാകുന്ന കാലത്ത് ഇത്തരം സംഭവങ്ങള്‍ക്ക് അറുതി വരുത്താന്‍ ഗള്‍ഫ് മാധ്യമവും സ്മാര്‍ട്ട് ട്രാവലും ഒന്നിക്കുന്നു. ഭാര്യയുടെ കെട്ട് താലി വരെ പണയംവെച്ച് വന്ന് പ്രവാസ ലോകത്ത് തൊഴില്‍തട്ടിപ്പിനിരയായവർ നിരവധിയുണ്ട്.
കമ്പനികളുടെ വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കുക, രണ്ടു മാസത്തെ വിസയാണെന്ന് പറഞ്ഞ് ഒരു മാസത്തെ വിസിറ്റ് വിസ നല്‍കുക, വിസിറ്റ് വിസയുടെ കോപ്പിയില്‍ കൃത്രിമം കാണിച്ച് തൊഴില്‍ വിസയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൊഴിലന്വേഷകരില്‍നിന്ന് വന്‍ തുക തട്ടിയെടുത്ത് വരെ കബളിപ്പിക്കുന്ന സംഘങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങളും കേന്ദ്രീകരിച്ച് വന്‍ സംഘം നടത്തുന്ന തട്ടിപ്പ് നിയന്ത്രിക്കുന്നതിന് ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാറുകള്‍ക്കും ഏറെ പരിമിതികളുണ്ട്. ഈയാം പാറ്റകളെപ്പോലെ ദിനംപ്രതി നിരവധിപേരുടെ ജീവിതഗതിയാണ് ഹോമിക്കപ്പെടുന്നത്.
ഇതിന് പരിഹാരമായാണ് ‘ഗള്‍ഫ് മാധ്യമ’വും സ്മാര്‍ട്ട് ട്രാവലും ഒന്നിച്ച് പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. പ്രവാസലോകത്ത് ജോലിക്ക് ശ്രമിക്കുന്നത് മുതല്‍ വിസ സംബന്ധമായ രേഖകള്‍ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കി ഉറപ്പ് വരുത്താനുള്ള സൗകര്യമൊരുക്കുന്ന സംവിധാനമാണ് എക്സ്പാറ്റ് ഗൈഡ്. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച വിസ ഒറിജിനലാണോ യഥാര്‍ഥ തൊഴിലുടമ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ പരമാവധി വ്യക്തമാക്കാന്‍ കഴിയും.
ലഭിച്ച വിസയുടെ കോപ്പിയുമായി സ്മാര്‍ട്ട് ട്രാവലിന്റെ ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിച്ച് ജോലി വാഗ്ദാനം നല്കിയ സ്ഥാപനം നിലവിലുള്ളതാണോ ഈ സ്ഥാപനം ഇങ്ങനെ ഒരു വിസ നല്‍കിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം ഈ പരിശോധനയിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡി അഫി അഹമ്മദ് പറഞ്ഞു. ഈ സംവിധാനത്തിന്റെ പ്രഖ്യാപനം കമോണ്‍ കേരളയില്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ്, സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡി അഫി അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആസ്റ്റര്‍ ഗ്രൂപ് എം.ഡി ആസാദ് മൂപ്പന് മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.