ദുബൈ: യു.എ.ഇയിൽ സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ ഈവർഷം ദുബൈ നാഷനൽ ഇൻഷുറൻസും (ഡി.എൻ.ഐ) നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സും കൈകോർക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് ഇക്കാര്യം അറിയിച്ചത്.
പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താം. 18 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർക്ക് ഇതിൽ അംഗങ്ങളാകാം. പ്രതിവർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, ഭാഗികമായോ സ്ഥിരമായോ ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷുറൻസ് കമ്പനി നൽകും.
സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നിലവിൽ ഇൻഷുറൻസ് സംവിധാനമില്ലാത്ത പശ്ചാത്തലത്തിൽ കഴിഞ്ഞവർഷമാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. കഴിഞ്ഞവർഷം ഗർഗാഷ് ഇൻഷുറൻസ് സർവിസസ്, ഓറിയന്റ് ഇൻഷുറൻസ് എന്നീ കമ്പനികളുമായി കൈകോർത്താണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയും നിലവിലുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
യു.എ.ഇയിൽ 43 ലക്ഷമാണ് ഇന്ത്യൻ പ്രവാസികൾ. അതുകൊണ്ടു തന്നെ മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ അവസരമൊരുക്കുന്നുവെന്നതാണ് ഇൻഷുറൻസ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് അധികൃതർ വിശദീകരിച്ചു.
തുടക്കത്തിൽ വരുമാനം കുറഞ്ഞ ബ്ലൂകോളർ തൊഴിലാളികളെയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെങ്കിലും വൈകാതെ എല്ലാ തൊഴിലാളികളിലേക്കും വ്യാപിക്കും. കമ്പനികളുടെ തൊഴിൽ പട്ടികയിൽ ഉൾപ്പെടുന്ന എല്ലാ മുഴുവൻ സമയ ജീവനക്കാരും ഇൻഷുറൻസിന് അപേക്ഷിക്കാൻ യോഗ്യരാണ്. എന്നാൽ, ഉയർന്ന അപകടസാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.