അജ്മാൻ: ഗൾഫ് വിപണിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് സമീപ ദിവസങ്ങളിൽതന്നെ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വില ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യ കയറ്റുമതി രംഗത്തെ അതികായരിൽ ഒരാളും അറബ് ഇന്ത്യ സ്പൈസസ് സ്ഥാപകനുമായ ഹരിഷ് തഹ്ലിയാനിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭക്ഷ്യോൽപന്ന ഇറക്കുമതിക്കുള്ള കെണ്ടയ്നറുകൾക്ക് നേരിടുന്ന ക്ഷാമമാണ് വില വർധനക്ക് കാരണമാകുന്നതെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് കയറ്റിറക്കുമതി രംഗത്ത് അനുഭവപ്പെടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഒഴിഞ്ഞ കെണ്ടയ്നറുകളുടെ ക്ഷാമം.
കണ്ടെയ്നറുകൾ ലഭ്യമല്ലാത്തതിനാൽ ചരക്ക് പലയിടത്തും കപ്പലിൽ തന്നെ സൂക്ഷിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്. ഇത് വിപണിയിൽ വില വർധനക്ക് വഴിയൊരുക്കും. മാർച്ച് വരെ ഈ പ്രതിഭാസം തുടരാൻ സാധ്യതയുണ്ടെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കർഷക സമരം ഗൾഫിലെ ഭക്ഷ്യവിപണിയെ കാര്യമായി ബാധിക്കില്ല. ഇന്ത്യയിൽ നിന്ന് ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതിക്ക് നേരത്തേ നിയന്ത്രണങ്ങളുണ്ട്. ഗൾഫിലെ ഏറ്റവും വലിയ ഭക്ഷ്യ-പയറുൽപന്ന കയറ്റുമതി സ്ഥാപനമായ അറബ് ഇന്ത്യ സ്പൈസസ് ചില്ലറ വിപണിയിൽ കൂടുതൽ സജീവമാകുമെന്ന് ഹരീഷ് പറഞ്ഞു. നൂൺ ഡെയ്ലി ഉൾപ്പെടെ നിരവധി ബ്രാൻഡുകൾക്ക് പാക്കേജിങ് ഒരുക്കി നൽകുന്നതിന് പുറമെ, സ്വന്തം ബ്രാൻഡുകൾ വിപണിയിൽ സജീവമാക്കും.
ആർ.കെ പൾസസ് എന്ന പേരിൽ ഒന്ന് മുതൽ മൂന്ന് ദിർഹം വരെ ചെലവിൽ ലഭ്യമാക്കുന്ന പോക്കറ്റ് സൈസ് പാക്കറ്റുകൾ ഇത്തരം പരീക്ഷണങ്ങളിലൊന്നാണെന്നും ഹരീഷ് തഹ്ലിയാനി പറഞ്ഞു. സൂര്യ എന്ന പേരിൽ പുറത്തിറക്കിയ ദോശ ബാറ്റർ വിജയകരമാണ്. യു.എ.ഇയുടെ ഭക്ഷ്യസുരക്ഷ ശക്തമാണ്. 180 ദിവസം വരെ മുഴുവൻ യു.എ.ഇയിലേക്കും ആവശ്യമായ ഭക്ഷ്യശേഖരം തങ്ങളുടെ സ്ഥാപനത്തിൽ മാത്രം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന തഹ്ലിയാനിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.