ദുബൈ: കെ.ആർ. ഗൗരിയമ്മയുടെ നിര്യാണത്തിൽ പ്രവാസലോകത്തും അനുശോചനപ്രവാഹം. കേരളചരിത്രത്തിലെ എക്കാലത്തെയും ഐതിഹാസിക ഇടപടലുകളിൽ ഭാഗമായ വ്യക്തിയാണ് ഗൗരിയമ്മയെന്ന് 'ഓർമ' ഭാരവാഹികൾ അനസ്മരിച്ചു. 1957ല്‍ ഇ.എം.എസിെൻറ നേതൃത്വത്തില്‍ ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യൂമന്ത്രിയായിരുന്ന ഗൗരിയമ്മ, ആ തീരുമാനം ഉചിതമായിരുന്നുവെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീരയായ വനിതാനേതാവായിരുന്നു ഗൗരിയമ്മയെന്ന് ഓർമ പ്രസിഡൻറ് അൻവർ ഷാഹി, സെക്രട്ടറി കെ.വി. സജീവൻ എന്നിവർ അനുസ്മരിച്ചു. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ഒരുപോലെ ഇഴചേര്‍ന്ന ഗൗരിയമ്മയുടെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് ഓർമ രക്ഷാധികാരിയും ലോക കേരളസഭാംഗവുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിെൻറ ചരിത്രം തിരുത്തിയെഴുതുകയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചരിത്രമായി മാറുകയും ചെയ്ത വിപ്ലവനായികയാണ് ഗൗരിയമ്മയെന്ന് അബൂദബി ശക്തി തിയറ്റേഴ്സ്. ജന്മി-നാടുവാഴി വ്യവസ്ഥക്ക് അന്ത്യംകുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപവത്കരിക്കാനും അത് നടപ്പിലാക്കാനും മന്ത്രിയായിരിക്കെ നേതൃത്വം നല്കിയ ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച ഇതിഹാസ സമാനമായ ഭൂപരിഷ്കരണ ബില്ല് കേരളത്തിെൻറ അതുവരെയുണ്ടായിരുന്ന ചരിത്രം മാറ്റിയെഴുതിയ നാഴികക്കല്ലായിരുന്നു. സ്ത്രീകൾ സമൂഹത്തിെൻറ പിന്നരങ്ങിൽ മാത്രം ഒതുങ്ങിയ കാലത്ത് പോരാട്ടങ്ങളുടെ സമാനതകളില്ലാത്ത കരുത്തുമായി കരയാതെ, തളരാതെ പൊതുസമൂഹത്തെ മുന്നിൽനിന്നും നയിച്ച ധീര നായികയെയാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിങ് പ്രസിഡൻറ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അനുശോചനസന്ദേശത്തിലൂടെ അറിയിച്ചു.
സമകാലിക രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധനേടിയ മഹനീയ വ്യക്തിത്വമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെതെന്ന് ഇൻകാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അടിസ്ഥാനവർഗത്തിെൻറ മോചനത്തിന്നും ഉന്നമനത്തിനും വേണ്ടി ഗൗരിയമ്മ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സഹിച്ച ത്യാഗങ്ങൾ വിവരണാതീതമാണെന്ന് ഇൻകാസ് ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.
കേരള രാഷ്ട്രീയചരിത്രം ഗൗരിയമ്മയുടെ ജീവിതംകൂടി അടയാളപ്പെടുത്താതെ പൂർത്തീകരിക്കാൻ സാധ്യമല്ലെന്ന് ഒ.ഐ.സി.സി േഗ്ലാബൽ ജനറൽ സെക്രട്ടറി അഡ്വ. ഹാഷിക്ക് തൈക്കണ്ടി. കേരളത്തിെൻറ വനിത മുഖ്യമന്ത്രിയെന്ന നിലയിലേക്ക് ഉയരേണ്ട ഗൗരിയമ്മക്ക് എതിരെ കരുക്കൾ നീക്കിയവർക്ക് കാലവും ചരിത്രവും മാപ്പുനൽകില്ല. സാധാരണക്കാരുടെ നേതാവായി ജനകീയപ്രശ്നങ്ങളിൽ ആർജവത്തോടെ ഇടപെട്ട നേതാവായിരുന്നു ഗൗരിയമ്മയെന്നും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.