അബൂദബി: യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്. സ്കൂള്‍ അടച്ചതും ബലിപെരുന്നാള്‍ വന്നതുമെല്ലാമാണ് നാട്ടിലേക്കു പോവുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കിയത്. എന്നാല്‍, പെരുന്നാള്‍ അവധി കഴിഞ്ഞിട്ടും യാത്രക്കാരുടെ ഒഴുക്ക് തുടരുകയാണ്. ഇതാണ് എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ തിരക്കിന് കാരണമാവുന്നത്. യാത്രക്കാരുടെ നിര എയര്‍പോര്‍ട്ടിനു പുറത്തേക്കും നീണ്ടതോടെ നിരവധി പേര്‍ക്ക് കൃത്യ സമയത്ത് അകത്തുകടക്കാനാവാത്ത സ്ഥിതിയുണ്ട്. ചെക്കിങ്ങിനായി മൂന്നു മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടില്‍ എത്തണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, കുടുംബമായി വരുന്നവര്‍ പോലും ഏറ്റവും ഒടുക്കം എത്തി പരക്കംപായുകയാണ്. നീണ്ട ക്യൂ ഉള്ളതിനാല്‍തന്നെ ലഗേജുകളും മറ്റുമായി കൗണ്ടറിലേക്ക് എത്തുക നിലവില്‍ അത്ര എളുപ്പമല്ല. ചെക്കിങ് സമയം അവസാനിക്കുന്നതിന് തൊട്ടു മുമ്പെത്തുന്നവര് ഇതിനാല്‍ പരിഭ്രാന്തിയിലാവുകയും ചെയ്യും.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെയും ചെക്ക് ഇന്‍ സ്ഥലത്തെയും തിരക്കുകളെക്കുറിച്ച് ബോധ്യം ഉണ്ടാവണം. പരമാവധി നേരത്തേ ഇറങ്ങി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്നതില്നിന്ന് ഒഴിവാകണം. ജൂലൈ-ആഗസ്റ്റ് മാസങ്ങൾക്കിടയില്‍ 28 ലക്ഷം യാത്രികര്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുമെന്നാണ് കണക്ക്. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷം യാത്ര ചെയ്യാത്തവര്കൂടി ഇത്തവണ നാടണയാന്‍ പോവുന്നതാണ് തിരക്കു കൂടാന്‍ കാരണം. ഇതേ തുടര്‍ന്ന് യാത്രക്ക് നാലുമുതല്‍ ആറു മണിക്കൂര്‍ മുമ്പുവരെ ചെക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ് വിവിധ എയര്‍ലൈനുകള്‍.
കോവിഡിന് മുമ്പ് ദുബൈ എയര്‍പോര്‍ട്ടില്‍നിന്ന് വര്‍ഷത്തില്‍ 8.94 കോടി ആളുകളാണ് യാത്ര ചെയ്തിരുന്നത്. കോവിഡ് രൂക്ഷമായ 2020ല്‍ ഇത് 2.59 കോടിയായി കുറഞ്ഞു. 2021ൽ 2.91 കോടിയായി ഉയര്‍ന്നത്. ഈ വര്‍ഷം 5.83 കോടി യാത്രക്കാരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ ഈ വര്‍ഷം മേയ് വരെയുള്ള കണക്കനുസരിച്ച് 25.6 ലക്ഷം പേര് യാത്ര ചെയ്തിട്ടുണ്ട്. 2021 ഇതേ കാലയളവിനെക്കാള്‍ 218 ശതമാനമാണ് വര്‍ധന. വിമാനസര്‍വിസുകളുടെ എണ്ണത്തിലും 38.8 ശതമാനം വര്‍ധനയുണ്ട്. അവധിക്കാലത്ത് 27 ലക്ഷം പേര് അബൂദബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.