ഷാർജ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് ചൊവ്വാഴ്ച മുതൽ പഠനരീതി തിരഞ്ഞെടുക്കാൻ അനുവാദം നൽകി അധികൃതർ. സാഹചര്യം പരിഗണിച്ച് നേരിട്ട് ക്ലാസുകൾ ആരംഭിക്കാനും ഓൺലൈനിലാക്കാനും രണ്ടും ചേരുന്ന ഹൈബ്രിഡ് മോഡൽ തിരഞ്ഞെടുക്കാനും അനുവാദമുണ്ടാകും.
വ്യാഴാഴ്ച വരെയാണ് സ്വയം തിരഞ്ഞെടുക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത്. മഴക്കെടുതിയിൽ പ്രയാസപ്പെടുന്ന വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും സ്കൂൾ ജീവനക്കാരുടെയും സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
മഴ ശക്തമായ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് വിദൂര പഠനമാണ് തുടരുന്നത്.
തിങ്കളാഴ്ച മുതൽ ദുബൈ സ്വകാര്യ വിദ്യഭ്യാസ വകുപ്പായ കെ.എച്ച്.ഡി.എ വിദ്യാർഥികളുടെ ആവശ്യമനുസരിച്ച് വിദൂര വിദ്യാഭ്യാസത്തിന് അനുമതി നൽകണമെന്ന് സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, നഴ്സറികൾ എന്നിവയോട് ആവശ്യപ്പെട്ടിരുന്നു.
യാത്രക്കും മറ്റും തടസ്സമുള്ള സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾ ഇതു പ്രകാരം വിദൂര പഠനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തടസ്സങ്ങളില്ലാത്ത സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
തിരക്കേറിയ സമയത്ത് മെട്രോ യാത്ര ഒഴിവാക്കണം
ദുബൈ മെട്രോ റെഡ് ലൈനിൽ 4 സ്റ്റേഷനുകളിൽ തിങ്കളാഴ്ചയും ട്രെയ്നുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നില്ല
ദുബൈ: തിരക്കേറിയ സമയങ്ങളിൽ ദുബൈ മെട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ. മഴക്കെടുതി മൂലം മെട്രോ സേവനം പൂർണമായും പൂർവ സ്ഥിതിയിലാകാത്ത സാഹചര്യത്തിലാണ് ദുബൈ റോഡ് ഗതാഗത വകുപ്പ് (ആർ.ടി.എ) ഇക്കാര്യമറിയിച്ചത്. നിലവിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾ പരിഗണിച്ച് യാത്ര ആസൂത്രണം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
പല സർവിസുകളും വൈകുന്നതും സ്റ്റേഷനുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതും പരിഗണിച്ചാണ് ആർ.ടി.എ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈ മെട്രോ റെഡ് ലൈനിൽ 4 സ്റ്റേഷനുകളിൽ തിങ്കളാഴ്ചയും ട്രെയ്നുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നില്ല. ഓൺ പാസീവ്, ഇക്വിറ്റി, മഷ്റക്ക്, എനർജി എന്നീ സ്റ്റേഷനുകളിലാണ് നിയന്ത്രണം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.