ദുബൈ: ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്ന് ദുബൈ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. ദുബൈയിൽ ഇന്ത്യൻ കോൺസുൽ ജനറലായി ചുമതലയേറ്റ ശേഷം ദുബൈ അൽഖൂസിലെ ഡൾസ്കോ ലേബർ ക്യാമ്പിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ എമിറേറ്റുകളിൽ നേരിട്ടെത്തി അവരുമായി ആശയ വിനിമയം നടത്തും. തൊഴിലാളികൾക്ക് സാമ്പത്തിക- ആരോഗ്യ കാര്യങ്ങളിൽ ബോധവത്കരണം നൽകുമെന്നും കോൺസുൽ ജനറൽ വ്യക്തമാക്കി. രണ്ടാഴ്ച മുമ്പാണ് മലയാളിയായ സതീഷ് കുമാർ ശിവൻ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി ചുമതലയേറ്റത്.
ഇതിന് ശേഷം ആദ്യമായാണ് ലേബർ ക്യാമ്പിലെത്തി തൊഴിലാളികളുമായി ആശയ വിനിമയം നടത്തുന്നത്. യു.എ.ഇയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ ഭൂരിഭാഗവും തൊഴിലാളികളാണെന്നും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും കോൺസുൽ ജനറൽ പറഞ്ഞു.
ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവെയ്ൻ തുടങ്ങി വടക്കൻ എമിറേറ്റുകളിലും ഇത്തരത്തിൽ തൊഴിലാളുമായി കൂടിക്കാഴ്ച നടത്തും. അൽഖൂസിലെ തൊഴിലാളി ക്യാമ്പിൽ ഭാര്യയോടൊപ്പമാണ് കോൺസുൽ ജനറൽ എത്തിയത്. തൊഴിലാളികൾക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം പ്രഭാത ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്.
കോൺസുൽ ടാഡു മാമു, ഡൾസ്കോ എച്ച്.ആർ മാനേജർ പ്രഭു ധർമരാജ്, കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ, ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.