ദുബൈ: ലോകത്തിന്‍റെ നാനാദിക്കിലേക്കും സഹായവസ്തുക്കളുമായെത്തുന്ന യു.എ.ഇയുടെ പടുകൂറ്റൻ സി-17 വിമാനം നവീകരിക്കുന്നു. ഇതിനായി അമേരിക്കയുമായി 980 ദശലക്ഷം ഡോളറിന്‍റെ കരാറിന് യു.എ.ഇ ധാരണയായി. യു.എസിലെ യു.എ.ഇ എംബസിയാണ് കരാറിന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അംഗീകാരം ലഭിച്ചത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളിലേക്ക് സഹായമെത്തിക്കുന്നതിൽ വിമാനത്തിന്‍റെ സേവനങ്ങളെ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അഭിനന്ദിക്കുകയും ചെയ്തു.
1980കളിൽ നിർമിച്ചെടുത്ത സി-17 വിമാനം '90കളിലാണ് ആദ്യമായി പറന്നുയരുന്നത്. 53 മീ. നീളവും 51 മീ. വീതിയിൽ ചിറകുകളുമുള്ള വിമാനം നാല് എൻജിനുകളാൽ പ്രവർത്തിക്കുന്നതാണ്. ചരക്കുകളെയും മനുഷ്യരെയും വഹിച്ച് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ഇതിന് 'ഗ്ലോബ്മാസ്റ്റർ' എന്ന വിളിപ്പേരുണ്ട്. പ്രത്യേകം രൂപകൽപന കാരണം ചെറിയ റൺവേകളിൽനിന്നും പുതിയ എയർഫീൽഡുകളിൽനിന്നും പറന്നുയരാനും ഇറങ്ങാനും ഇതിന് കഴിയും. മൂന്നുപേരാണ് സാധാരണ വിമാനത്തിന്‍റെ ക്രൂ അംഗങ്ങളായി ഉണ്ടാവാറുള്ളത്.
കോവിഡിനെതിരായ യു.എ.ഇയുടെ ആഗോള പരിശ്രമങ്ങളിൽ വിമാനം വലിയ രീതിയിൽ ഉപയോഗിച്ചിരുന്നു. ആഫ്രക്കൻ രാജ്യങ്ങളിലേക്കും മറ്റുമായി മെഡിക്കൽ സഹായങ്ങളടക്കം എത്തിച്ചത് ഇതുപയോഗിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.