ദുബൈ: കോപ്-28 ഉച്ചകോടിക്ക് ചൊവ്വാഴ്ച പരിസമാപ്തി കുറിക്കാനിരിക്കെ, ചർച്ച വേഗത്തിലാക്കണമെന്ന് അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബിർ. ഞായറാഴ്ച കോപ് വേദിയിൽ അറബ് പരമ്പരാഗത ശൈലിയിൽ വിളിച്ചുചേർത്ത മജ്ലിസിൽ വിവിധ ലോക രാജ്യങ്ങളുടെ പ്രതിനിധികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും എന്നാൽ, വേണ്ടത്ര വേഗത്തിലല്ല മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ആഗോള താപനത്തിന്റെ കെടുതികളെ നേരിടുന്നതിന് യോജിച്ച നടപടികൾ സ്വീകരിക്കാൻ ചർച്ച വേഗത്തിലാക്കാൻ അധ്യക്ഷൻ പ്രത്യേക യോഗം വിളിച്ചുചേർത്ത്. ഉച്ചകോടി വേദിയിലെ മറ്റു ചർച്ചകൾ പോലെ മാധ്യമങ്ങൾക്കും പ്രതിനിധികൾക്കും പ്രവേശനം നൽകാതെയാണ് മജ്ലിസ് നടന്നത്.രാജ്യങ്ങൾ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തീരുമാനത്തിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന് അൽ ജാബിർ യോഗത്തിൽ ആവശ്യപ്പെട്ടു.
ചർച്ചകളിൽ ഏറ്റവും വലിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നത് ഫോസിൽ ഇന്ധനത്തിന്റെ വിഷയത്തിലാണ്. ഘട്ടം ഘട്ടമായി ഇത്തരം ഇന്ധനം നീക്കം ചെയ്യണമെന്ന് ആവർത്തിച്ച് മജ്ലിസിലും യൂറോപ്യൻ യൂനിയൻ പ്രതിനിധി ആവശ്യപ്പെട്ടതായാണ് വിവരം. സമാനമായ അഭിപ്രായം പങ്കുവെക്കുന്ന രാജ്യങ്ങളും എതിർവാദങ്ങളുള്ള രാജ്യങ്ങളും തമ്മിൽ ചില വിട്ടുവീഴ്ചകൾക്ക് തയാറായതായും റിപ്പോർട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതങ്ങളിൽ ദരിദ്ര രാഷ്ട്രങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തകൾ കോപ്-28 അന്തിമ ഘട്ടത്തിൽ പുറത്തുവരുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി ഗ്രൂപ്പുകളും പങ്കുവെക്കുന്നത്.
ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന യു.എസും ചൈനയും പോലുള്ള രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി കുറക്കുന്നതിന് പുനരുപയോഗ ഊർജം വികസിപ്പിക്കുന്നതിന് പ്രഖ്യാപനങ്ങളിൽ സഹകരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഊർജ മേഖലയിൽ കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് നിർബന്ധിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന രാജ്യത്തിന്റെ മുൻകാല നിലപാട് ആവർത്തിക്കുന്ന നയമാണ് ഇന്ത്യ പിന്തുടർന്നത്.
കൽക്കരി അടക്കമുള്ള മേഖലകളിൽനിന്ന് പൂർണമായും പിൻമാറുന്നതിന് നിർബന്ധിക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം ദേശീയ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയത്. അതിനിടെ, ഉച്ചകോടിയുടെ ഗ്രീൻ സോണിൽ വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകർ എത്തിച്ചേർന്നു. പവിലിയനുകളിലെല്ലാം കനത്ത തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഗ്രീൻ സോണിലെ പ്രദർശനങ്ങൾക്കും ചൊവ്വാഴ്ച പര്യവസാനമാകും.
കോപ് 28 വേദിയിൽ മന്ത്രിസഭ യോഗത്തിനെത്തുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും
ഹരിതപദ്ധതികൾക്ക് അംഗീകാരം നൽകി മന്ത്രിസഭ; ഇ.വി സ്റ്റേഷനുകൾക്ക് പ്രത്യേക കമ്പനി രൂപവത്കരിക്കും
ദുബൈ: രാജ്യം ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന പശ്ചാത്തലത്തിൽ വിവിധ ഹരിത, പരിസ്ഥിതിസൗഹൃദ പദ്ധതികൾക്കും നയങ്ങൾക്കും അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ. കോപ് 28 വേദിയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തത്. കാലാവസ്ഥ നിഷ്പക്ഷത കൈവരിക്കുന്നതിന് ആവശ്യമായ വിവിധ നയങ്ങൾക്കും ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
യു.എ.ഇ നാഷനൽ എനർജി സ്ട്രാറ്റജി 2050, ദേശീയ ഹൈഡ്രജൻ സ്ട്രാറ്റജി 2050, ദേശീയ ഇലക്ട്രിക് വാഹന നയം, മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള ദേശീയ തന്ത്രം എന്നിവ മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതികളിൽ ഉൾപ്പെടും. കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ നിർമാണ പദ്ധതികൾക്കും ബാധകമാകുന്ന സ്മാർട്ട് നിർമാണ ദേശീയ ഗൈഡിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെയും അതിന്റെ ആഘാതത്തെയും ചെറുക്കുന്നതിന് യു.എ.ഇ 2023ൽ 60ലധികം നയങ്ങളും സംരംഭങ്ങളും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രസ്താവിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നതിന് പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്ന് അധികൃതർ ഞായറാഴ്ച വെളിപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനം, ചാർജിങ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ചാർജ് ചെയ്യുന്നതിന്റെ നിരക്ക് നിർണയം എന്നിവ കമ്പനിക്കു കീഴിൽ വരുന്ന ഉത്തരവാദിത്തങ്ങളായിരിക്കും. ഇലക്ട്രിക് വാഹന ഉടമകളുടെ ആവശ്യങ്ങളെ നിറവേറ്റുകയും യു.എ.ഇ വിപണിയെ നിയന്ത്രിക്കുകയും ചെയ്യുന്ന ഇലക്ട്രിക് വാഹന ചാർജറുകളുടെ ദേശീയ ശൃംഖല നിർമിക്കുന്നതിനുള്ള നയത്തിന് ഈ വർഷാദ്യം അംഗീകാരം നൽകിയിരുന്നു.
ഗതാഗത മേഖലയിലെ ഊർജ ഉപഭോഗം 20 ശതമാനം കുറക്കാൻ നയം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2050ഓടെ യു.എ.ഇ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ പകുതിയും ഇലക്ട്രിക് വാഹനങ്ങളായി വർധിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ വർഷം മേയ് മാസത്തിലാണ് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ‘ഹരിത ഗതാഗത’ സംവിധാനത്തിനായുള്ള നയം രൂപപ്പെടുത്തിയത്. ഞായറാഴ്ചത്തെ മന്ത്രിസഭായോഗം രാജ്യത്ത് വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചെലവ് സംബന്ധിച്ച് അവലോകനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.