ദുബൈ: യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28ൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100 യുവ പ്രതിഭകളെ തെരഞ്ഞെടുത്തു. ഉച്ചകോടിക്ക് മുന്നോടിയായി ജർമനിയിലെ ബോണിൽ നടന്ന കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലെ യൂത്ത് സ്റ്റോക്ടേക് സെഷനിലാണ് യുവ പ്രതിഭകളെ പ്രഖ്യാപിച്ചത്. വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഭൂരിഭാഗവും. ചെറു ദ്വീപ് രാജ്യങ്ങൾ, മധ്യപൂർവ ദേശം, തെക്കേ ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡം, തെക്ക്, വടക്ക് അമേരിക്ക, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് 74 പേർ. ബാക്കിയുള്ളവർ വികസിത രാജ്യങ്ങളിൽ നിന്നാണ്. അതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട 100ൽ 56 പേരും വനിതകളാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
12 പ്രതിനിധികൾ തദ്ദേശീയരാണ്. സംഘർഷ മേഖലകളിൽ നിന്നുള്ളവരാണ് 10 പേർ. ആറു പേർ ഭിന്നശേഷി വിഭാഗത്തിൽ നിന്നാണ്. 70 ശതമാനം പേരും 35 വയസ്സിൽ താഴേയുള്ളവരുമാണ്.
അതേസമയം, 72 പേർ ആദ്യമായാണ് കാലാവസ്ഥ ഉച്ചകോടിയിൽ ക്ഷണതിക്കളാവുന്നത്. യു.എ.ഇയുടെ സാമൂഹിക വികസന മന്ത്രിയും കോപ്28ന്‍റെ യൂത്ത് ക്ലൈമറ്റ് ചാമ്പ്യനുമായ ഷമ്മ അൽ മസ്‌റൂയി, കോപ്പ് 28ന്റെ യുഎൻ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉന്നതതല അംഗവുമായ റസാൻ അൽ മുബാറക്, മറ്റ് കാലാവസ്ഥാ സംരക്ഷണ പ്രചാരകർ, യുവാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുന്ന ഉച്ചകോടിയിൽ യുവാക്കളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവ പ്രതിഭകളെ ക്ഷണിച്ചിരിക്കുന്നതെന്ന് ഉച്ചകോടിയുടെ പ്രസിഡന്‍റ് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. ഉച്ചകോടിയിലേക്ക് 100 യുവ പ്രതികളെ ക്ഷണിക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ ഡോ. അൽ ജാബിർ പ്രഖ്യാപിച്ചിരുന്നു. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്പോ സിറ്റിയിൽ വെച്ചാണ് കോപ്28 നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.