ദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബൈയിൽ പരിസമാപ്തിയായ സാഹചര്യത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് നന്ദിയറിയിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരാണ് സമൂഹ മാധ്യമങ്ങൾ വഴി കൃതജ്ഞത അറിയിച്ചത്. കാലാവസ്ഥ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് ചരിത്രപരമായ യു.എ.ഇ സമവായം രൂപപ്പെടുത്തിയ എല്ലാ പ്രതിനിധികൾക്കും നന്ദിയറിയിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് കുറിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. സമ്മേളനം സുപ്രധാന ഫലങ്ങളാണ് ഉൽപാദിപ്പിച്ചത്. ജനങ്ങൾക്കും ഭൂമിക്കും സുസ്ഥിരമായ ഭാവി സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളിലും അന്താരാഷ്ട്ര സമൂഹത്തോട് ചേർന്നുനിന്ന് ഞങ്ങൾ പ്രവർത്തനം തുടരും -അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചകോടിയുടെ അവസാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ‘യു.എ.ഇ സമവായ’ത്തെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ ശൈഖ് മുഹമ്മദ് ബിൻ റാശിദ്, സമ്മേളന വിജയത്തിന് സഹായിച്ച അന്താരാഷ്ട്ര സഹകരണത്തെ വിലമതിക്കുന്നതായും വ്യക്തമാക്കി. ഉച്ചകോടിയിൽ ഭാഗമായ എല്ലാ എല്ലാ രാജ്യങ്ങളെയും ഭരണാധികാരികളെയും പ്രതിനിധികളെയും വിദഗ്ധരെയും നന്ദിയറിയിക്കുന്നു.
കാലാവസ്ഥ പ്രവർത്തനത്തിൽ പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്താനും ഭൂമിക്ക് സുസ്ഥിര ഭാവി സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന യു.എ.ഇയുടെ സ്ഥാനം ഉറപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.