ദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് ദുബൈയിൽ സമാപനം കുറിക്കുമ്പോൾ യു.എ.ഇ മുന്നോട്ടുവെച്ചത് വിശാലമായ ഒത്തുതീർപ്പു പാക്കേജ്.
ആഗോള താപനത്തിന് പ്രധാന ഹേതുവായി മാറുന്ന ഫോസിൽ ഇന്ധനത്തിന്റെ ഉൽപാദനവും ഉപഭോഗവും കുറക്കുകയെന്നത് വികസിത രാജ്യങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും മറിച്ച് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന പ്രഖ്യാപനമാണ് ഉച്ചകോടിയിൽ ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചകോടി സമാപിച്ചെങ്കിലും ലോകത്തെ മുഴുവൻ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് അകറ്റാൻ സമ്പന്ന രാജ്യങ്ങളും ദുർബലമായ ദ്വീപ് രാഷ്ട്രങ്ങളും പ്രചാരകരും നടത്തിയ 24 മണിക്കൂറിലധികം നീണ്ട ചർച്ചക്ക് ശേഷമാണ് സമവായ നിർദേശം ഉരുത്തിരിഞ്ഞത്.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കണമെന്ന ചർച്ചകൾക്ക് ഉച്ചകോടിയിൽ ഇടംപിടിച്ചത് ചരിത്രപരമാണെങ്കിലും വികസ്വര രാജ്യങ്ങൾക്കും കൽക്കരി ഉപഭോക്താക്കൾക്കും വാതക കയറ്റുമതിക്കാർക്കും ഇളവുകൾ നൽകിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.
അതായത് ഫോസിൽ ഇന്ധന വ്യവസായം ഭാവിയിലും ശക്തമായി നിലനിൽക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
എന്നാൽ, കോപ് പ്രതിനിധികൾ അംഗീകരിച്ച ‘ആഗോള സ്റ്റോക്ക്ടേക്ക്’ പ്രവർത്തനത്തിനുള്ള പ്രതിജ്ഞ 198 രാജ്യങ്ങളിൽ ഓരോന്നിനും വേണ്ടിയുള്ളതാണെന്ന ആശയവും മുന്നോട്ടുവെക്കാനും ഉച്ചകോടിക്ക് സാധിച്ചു.
എല്ലാ സർക്കാറുകളും ബിസിനസ് സ്ഥാപനങ്ങളും കാലതാമസമില്ലാതെ ഈ പ്രതിജ്ഞകളെ യഥാർഥ സാമ്പത്തിക ഫലങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന് യു.എൻ കാലാവസ്ഥാ മേധാവി സൈമൺ സ്റ്റീൽ കോപ് 28ന്റെ സമാപന പ്ലീനറിയിൽ പറഞ്ഞു. ഫോസിൽ ഇന്ധനത്തിൽ ലോകത്തെ പരിവർത്തിപ്പിക്കുന്നതിന് വികസ്വര രാജ്യങ്ങൾ ഉൾപ്പെടെ എല്ലാവരും സംഭാവന ചെയ്യണമെന്ന ആശയത്തിനും ഉച്ചകോടിയിൽ ഊന്നൽ നൽകാൻ സാധിച്ചിട്ടുണ്ട്.
സമുദ്രനിരപ്പ് അതിവേഗം ഉയരുന്നതിലുള്ള ആശങ്കയാണ് ചെറു ദ്വീപു രാജ്യങ്ങൾ പ്രധാനമായും ഉയർത്തിക്കാട്ടിയത്. ഉച്ചകോടി അവസാനിക്കുമ്പോൾ നിരവധി നല്ല തലങ്ങൾ ഉണ്ടെങ്കിലും ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പഴുതുകളിൽ അവർ മുന്നറിയിപ്പും നൽകുന്നുണ്ട്.
ആഗോള താപനത്തിന്റെ പ്രധാന ഉത്തരവാദികളായ വികസിത രാജ്യങ്ങൾ നൽകേണ്ട നഷ്ടപരിഹാര പാക്കേജ് അപൂർണമാണെന്ന വിലയിരുത്തലുകളും ഉച്ചകോടിയിൽ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.