ദുബൈ: സുസ്ഥിരതയുടെയും പരിസ്ഥിതി സ്നേഹത്തിന്റെയും പാഠങ്ങൾ പകരുന്ന നൂറുനൂറു കാഴ്ചകളുടെ കേന്ദ്രമായ കോപ് 28 ഉച്ചകോടിയുടെ ഗ്രീൻ സോണിലേക്ക് സന്ദർശക പ്രവാഹം. കഴിഞ്ഞ ഞായറാഴ്ച തുറന്ന പൊതുജനങ്ങൾക്കായുള്ള ഈ മേഖലയിലേക്ക് ഒരാഴ്ചക്കാലം വന്നെത്തിയത് ലക്ഷക്കണക്കിന് പേരാണ്. ചൊവ്വാഴ്ച ഉച്ചകോടിക്ക് തിരശ്ശീല വീഴാനിരിക്കെ ബ്ലൂ സോണിൽ സംവാദങ്ങൾ അരങ്ങുതകർക്കുമ്പോൾ, ഗ്രീൻ സോണിൽ പങ്കുവെക്കലിന്റെയും ആശയക്കൈമാറ്റത്തിന്റെയും കാഴ്ചകളാണേറെയുള്ളത്. യുവാക്കളുടെയും വിദ്യാർഥികളുടെയും സാന്നിധ്യം ഗ്രീൻ സോണിന്റെ ഓരോ ഭാഗത്തെയും ആവേശഭരിതമാക്കുന്നുണ്ട്. കാലാവസ്ഥാ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന 7 തീമാറ്റിക് ഹബുകളാണ് ഗ്രീൻ സോണിൽ തയ്യാറാക്കിയിട്ടുള്ളത്.
ഊർജ പരിവർത്തന ഹബ്, വൈജ്ഞാനിക ഹബ്, കാലാവസ്ഥ ധനകാര്യ ഹബ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്, സ്റ്റാർട്ടപ്പ് വില്ലേജ്, ഹ്യൂമാനിറ്റേറിയൻ ഹബ്, യുവജന ഹബ് എന്നിങ്ങനെ സജ്ജീകരിച്ച ഹബുകളിലെല്ലാം രാവിലെ മുതൽ എല്ലാ ദിവസവും സന്ദർശകരെത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരതയും സംബന്ധിച്ച ചെറുതും വലുതുമായ ചർച്ചകളിലും പരിപാടികളിലും വലിയ അനുവാചകരുണ്ട്. സന്ദർശകർക്ക് ഏകദിന പാസ് മാത്രമാണ് ഗ്രീൻ സോണിലേക്ക് അനുവദിക്കുന്നത്. എന്നാൽ ഒരു ദിവസത്തെ സന്ദർശനത്തിലൂടെ മുഴുവൻ ഭാഗങ്ങളും കണ്ടുതീർക്കാൻ കഴിയുന്നില്ലെന്ന പരിഭവമാണ് ഏറെപേരും പങ്കുവെക്കുന്നത്.
വിവിധ ഹബുകളിൽ നടക്കുന്ന ചർച്ചകളിൽ യുവാക്കൾക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അഭിപ്രായങ്ങൾ പങ്കുവെക്കാൻ അവസരവുമുണ്ട്. 200 സ്വകാര്യ കമ്പനികളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രദർശനവും ഗ്രീൻ സോണിലുണ്ട്. അതോടൊപ്പം ദുബൈയിലെയും യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെയും സർക്കാർ സംവിധാനങ്ങളും പ്രദർശനമൊരുക്കിയിട്ടുണ്ട്.
യു.എ.ഇ സുസ്ഥിര മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ വരച്ചുകാണിക്കുന്നതാണ് സർക്കാർ വകുപ്പുകളുടെ പ്രദർശനങ്ങൾ. ഹൗസ് ഓഫ് സസ്റ്റൈനബിലിറ്റി എന്ന യു.എ.ഇയുടെ പ്രത്യേക പ്രദർശനം കാണാനും നൂറുക്കണക്കിനാളുകൾ ദിവസവും മുമ്പ് യു.എ.ഇ പവലിയനായിരുന്ന കേന്ദ്രത്തിലേക്ക് എത്തുന്നുണ്ട്. യു.എ.ഇയുടെ മുൻകാല ചരിത്രത്തെയും ഭാവിയെയും വരച്ചുകാണിക്കുന്ന പ്രദർശനവും ഓഡിയോ വിശ്വൽ ഷോയും ഇവിടെ കാണാം. ഊർജ പരിവർത്തന ഹബിലും വൈജ്ഞാനിക ഹബിലും മിക്കവയും കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം നിർദേശിക്കുന്ന നൂതനമായ പ്രദർശനങ്ങളാണ്.
സന്ദർശകർക്ക് രുചികരവും പോഷകപ്രദവുമായ ലഭ്യമാക്കാനായി 90-ലധികം ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകളും സോണിലുണ്ട്. ഇവിടങ്ങളിൽ വിവിധ ദേശക്കാൾ ഒരുമിച്ചുരുന്ന് ഭക്ഷണം കഴിക്കുന്നതും സൊറപറയുന്നതും നിത്യകാഴ്ചയാണ്. ഓരോ ദിവസം 70,000 പേർ വരെ സൈറ്റ് സന്ദർശിക്കുന്നതായാണ് സംഘാടകരുടെ വിലയിരുത്തൽ. പ്രമുഖർ പങ്കെടുക്കുന്ന സ്റ്റേജ് പരിപാടികളിലും കാണികൾ ഏറെയുണ്ട്. കഴിഞ്ഞ ആഴ്ചയിൽ പ്രമുഖ ഈജിപ്ത്യൻ സ്റ്റാന്റപ് കെമേഡിയൻ ബാസിം യൂസുഫിന്റെ പരിപാടിക്ക് വലിയ സദസാണുണ്ടായിരുന്നത്.
നേരത്തെ വെബ്സൈറ്റ് വഴി പാസെടുത്തവർക്ക് മാത്രമാണ് സോണിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മെട്രോ വഴിയും സ്വന്തമായി വാഹനങ്ങളിലുമായാണ് സന്ദർശകർ രാവിലെ മുതൽ എത്തിച്ചേരുന്നത്. സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ 2020 ദുബൈ വിശ്വമേളയുടെ സമയത്തേതിന് സമാനമായ ഒരുക്കങ്ങളാണ് അധികൃതർ ഒരുക്കിയത്. ലോകോത്തരമായ സമ്മേളന വേദിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന ഏക സ്ഥലമാണ് ഗ്രീൻ സോൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.