ദുബൈ: യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28ന് പൂർണ പിന്തുണ അറിയിച്ച് ചൈന. സാമ്പത്തിക സഹായത്തിന്റെ അപര്യാപ്തതയാണ് കാലാവസ്ഥ വെല്ലുവിളികൾ നേരിടുന്നതിലെ പ്രധാന തടസ്സമെന്ന് യു.എ.ഇയിലെ ചൈനീസ് അംബാസിഡർ സങ് ജുൻ പറഞ്ഞു.
കോപ്28 ലൂടെ ഇക്കാര്യത്തിൽ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ യു.എ.ഇ വ്യവസായ മന്ത്രിയും കോപ്28ന്റെ നിയുക്ത പ്രസിഡന്റുമായ സുൽത്താൽ അൽ ജാബിറിന് എല്ലാ പിന്തുണയും ചൈന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ന്യായവും തുല്യപരിഗണനയുള്ളതുമായ ആഗോള കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് സർക്കാർ പ്രവർത്തിക്കും.
കാലാവസ്ഥ വ്യതിയാനം നേരിടുന്നതിൽ പ്രധാന പങ്കുവഹിക്കാൻ യു.എന്നിനും കോപ്28ന് ആഥിത്യം വഹിക്കുന്ന യു.എ.ഇക്കും മുഴുവൻ പിന്തുണയും നൽകുമെന്നും യു.എൻ ട്വിറ്റർ എകൗണ്ടിലൂടെ അദ്ദേഹം വ്യക്തമാക്കി. ഡോ. സുൽത്താൻ അൽ ജാബിറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിക്ക് സുപ്രധാനവും അനുകൂലവുമായ ഫലമുണ്ടാക്കാൻ കഴിയുമെന്ന് ചൈന വിശ്വസിക്കുന്നു.
കാലാവസ്ഥ ധനസഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനും വികസിത രാജ്യങ്ങളെ അതിലേക്ക് നയിക്കുന്നതിനും കൃത്യമായ നിരീക്ഷണ സംവിധാനം യു.എൻ ഏജൻസികൾ നടപ്പിലാക്കണം. യു.എൻ.എസ്.സി അതിൽ പ്രധാന പങ്കുവഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.