റാസല്‍ഖൈമയിലെ കാര്‍ഷിക പ്രദേശമായ അല്‍ ഹംറാനിയയിലെ ചോളകൃഷി 

ചിരി തൂകി ചോളക്കതിരുകള്‍; സമൃദ്ധി വിളഞ്ഞ് മരുഭൂ കൃഷിനിലങ്ങള്‍

റാസല്‍ഖൈമ: കോവിഡ് നാളുകളിലെ പ്രതിസന്ധികള്‍ക്കിടയിലും ലോക്ഡൗ​ണ്‍ ആകാതെ ആദ്യ ഘട്ട വിളവെടുപ്പുകളില്‍ യു.എ.ഇയിലെ കൃഷിനിലങ്ങള്‍. ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, മസാഫി, ദിബ്ബ തുടങ്ങിയിടങ്ങളിലാണ് യു.എ.ഇയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ജൂലൈ മധ്യത്തോടെയാണ് വിത്തിറക്കാൻ കൃഷിനിലങ്ങള്‍ ഒരുക്കുന്നത്. സെപ്റ്റംബറില്‍ വിത്തിറക്കും. ഡിസംബര്‍- ഫെബ്രുവരി മാസങ്ങളില്‍ ആദ്യഘട്ട വിളവെടുപ്പ്. തക്കാളി, കൂസ തുടങ്ങിയവയുടെ രണ്ടാംഘട്ട വിളവെടുപ്പ് ജൂണ്‍ വരെ തുടരും.

കൂസ, ചോളം, വഴുതനങ്ങ, കീഴാര്‍, വിവിധ ഇലകള്‍, മള്‍ബറി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, പീച്ചിങ്ങ, വെണ്ടക്ക, ചുരങ്ങ തുടങ്ങിയ കാര്‍ഷിക വിളകളും പക്ഷി- മൃഗാദികള്‍ക്കാവശ്യമായ ജത്ത്, ഹശീശ്, ദുര, സീബല്‍, അലഫ്, ശേദി എന്നീ പുല്ലുകളുമാണ് റാസല്‍ഖൈമയില്‍ ഉല്‍പാദിപ്പിച്ചുവരുന്നത്. കുഴല്‍ക്കിണറുകളില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിക്കുന്ന ജലമാണ് തോട്ടങ്ങളില്‍ മുഖ്യമായും ഉപയോഗിക്കുന്നത്. ഇടക്കാലത്തെ മഴയുടെ കുറവ് പല തോട്ടങ്ങളെയും ഉപയോഗശൂന്യമാക്കിയെങ്കിലും അധികൃതര്‍ മുന്‍കൈയെടുത്ത് പുതിയ തോട്ടങ്ങള്‍ സ്ഥാപിച്ചത് കാര്‍ഷികമേഖലക്ക് ആശ്വാസമേകി. തദ്ദേശീയ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി റാസല്‍ഖൈമ പാലത്തിന് താഴെ സ്ഥാപിച്ചിട്ടുള്ള പച്ചക്കറിച്ചന്തയിലാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകളില്‍ നല്ല പങ്കും വില്‍പന. ചില ഒമാന്‍ കാര്‍ഷിക വിളകള്‍ മാറ്റിനിര്‍ത്തിയാല്‍ പ്രാദേശിക വിളകള്‍ മാത്രമാണ് ഇവിടെ വില്‍പനക്കുള്ളത്. സ്വദേശികളെ കൂടാതെ താമസസ്ഥലങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ചന്തയിലെത്തുന്ന ഉപഭോക്താക്കളിലേറെയും. അബൂദബി, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ഇതിന് സമാനമായ പച്ചക്കറിച്ചന്ത.

യു.എ.ഇയുടെ രാഷ്​ട്രശില്‍പി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാന്‍, ദീര്‍ഘകാലം റാസല്‍ഖൈമയെ നയിച്ച മുന്‍ ഭരണാധിപന്‍ ശൈഖ് സഖര്‍ ബിന്‍ സഖര്‍ ആല്‍ ഖാസിമി തുടങ്ങിയവര്‍ക്ക് കൃഷിയിലുണ്ടായ അതീവ താല്‍പര്യം യു.എ.ഇയുടെ കാര്‍ഷികരംഗത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ദുബൈയിലെ ഇൻറര്‍നാഷനല്‍ സെൻറര്‍ ഫോര്‍ ബയോസലൈന്‍ അഗ്രിക്കള്‍ച്ചറിെൻറ (ഐ.സി.ബി.എ) നേതൃത്വത്തിൽ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

ജല ചൂഷണത്തിനൊപ്പം മഴ ലഭ്യത കുറഞ്ഞതോടെ ഭൂഗര്‍ഭ ജല അളവ് കുറഞ്ഞത് പാരിസ്ഥിതിക പ്രത്യാഘാതത്തിനിടയാക്കുമെന്ന വിലയിരുത്തലാണ് ശാസ്ത്രീയ രീതിയില്‍ തരിശുനിലങ്ങളെ ഹരിതാഭമാക്കണമെന്ന നിലപാടിലേക്ക് അധികൃതരെ എത്തിച്ചത്. ജൈവകൃഷി സംബന്ധിച്ച് പ്രത്യേക നയം ആവിഷ്കരിച്ച് ഇതിലൂടെ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക് പ്രത്യേക ട്രേഡ് മാര്‍ക്ക് നല്‍കാനും പദ്ധതികളുണ്ട്. ഇത് കീടനാശിനികളും രാസവളവും ഉപയോഗിച്ചുള്ള കാര്‍ഷിക വിളകളുടെ ഉപയോഗത്തിലൂടെ ഉണ്ടാകാനിടയുള്ള ഭീഷണികളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നാലയിരത്തിലേറെ ചതുരശ്ര വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന 70ഓളം ഇനം പച്ചക്കറികള്‍ കൃഷി ചെയ്യുന്ന 50ലേറെ ജൈവകൃഷിയിടങ്ങള്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്ക്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കര്‍ഷകര്‍ക്ക് സൗജന്യ ജൈവവളം വിതരണം ചെയ്യുന്ന പദ്ധതിയുമുണ്ട്. സമുദ്രജലം കൃഷിക്ക് ഉപയുക്തമാക്കി നവീന കൃഷിരീതി പ്രയോഗവത്കരിക്കാനാണ് യു.എ.ഇ പരിസ്ഥിതി - ജല മന്ത്രാലയത്തി​െൻറ കര്‍മപദ്ധതി. ഇതിലൂടെ തരിശു നിലങ്ങളെ കൃഷിയോഗ്യമാക്കി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.