ദുബൈ: യു.എ.ഇയിൽ കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ നിർണയിച്ച് മന്ത്രിസഭ ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിയമങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ നിലവിൽ വരും. കഴിഞ്ഞ ജൂണിലാണ് യു.എ.ഇയിൽ കോർപറേറ്റ് നികുതി ബാധകമാക്കിയത്. പ്രധാനമായും മൂന്ന് നിയമലംഘനങ്ങളാണ് കോർപറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യു.എ.ഇ മന്ത്രിസഭ പുറപ്പെടുവിച്ച പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടുന്നത്. സമയത്തിന് കോർപറേറ്റ് നികുതി അടക്കുന്നതിലും ഫയൽ ചെയ്യുന്നതിലും വീഴ്ചവരുത്തുന്നതാണ് ഒന്നാമത്തെ നിയമലംഘനം. കോർപറേറ്റ് നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർ ഫെഡറൽ ടാക്സ് അതോറിറ്റിയിൽ സമർപ്പിച്ച രേഖകളിൽ മാറ്റം വരുത്തുന്നത് അതോറിറ്റിയെ അറിയിച്ചിട്ടില്ലെങ്കിൽ അത് നിയമലംഘനമായി കണക്കാക്കും.
സ്വയം വെളിപ്പെടുത്തേണ്ട കാര്യങ്ങളിൽ വീഴ്ചവരുത്തുന്നതിന് പ്രത്യേക പിഴ ഘടനയും മന്ത്രിസഭ നിശ്ചയിച്ചിട്ടുണ്ട്. കോർപറേറ്റ് നിയമപ്രകാരം സൂക്ഷിക്കേണ്ടതും സമർപ്പിക്കേണ്ടതുമായ രേഖകൾ കൃത്യമല്ലെങ്കിലും നിയമലംഘനമായി കണക്കാക്കും. കോർപറേറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ ലഭ്യമായിരിക്കുമെന്ന് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അക്കൗണ്ടിങ് റെക്കോഡുകളും വാണിജ്യ പുസ്തകങ്ങളും സൂക്ഷിക്കുന്നതിന്റെ കാലയളവും രീതിയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നികുതി ഏജന്റിനെ രജിസ്റ്റർ ചെയ്യുന്നതിന്റെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഒരു ഏജന്റിനെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങളും വിശദീകരിക്കുന്നുണ്ട്.
നികുതി വെട്ടിപ്പുകളിലെ അനുരഞ്ജനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും അത്തരം കാര്യത്തിലെ നിബന്ധനകളും വ്യവസ്ഥകളും പ്രധാന നിയമങ്ങളിൽ ഉൾപ്പെടുന്നു. യു.എ.ഇയിൽ കോർപറേറ്റ് നികുതി മലയാളികളുടെ അടക്കം നിരവധി സ്ഥാപനങ്ങൾക്ക് ബാധകമാകുന്നതാണ്. 3,75,000 ദിർഹവും അതിനുമുകളിലും ലാഭമുള്ള കമ്പനികളാണ് ഒമ്പത് ശതമാനം കോർപറേറ്റ് നികുതി അടക്കേണ്ടത്.
3.75 ലക്ഷം ദിർഹമിന് മുകളിൽ വരുന്ന അറ്റാദായത്തിന്റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. അഞ്ചുലക്ഷം ദിർഹം ലാഭമുള്ള സ്ഥാപനമാണെങ്കിൽ 1.25 ലക്ഷം ദിർഹമിന്റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. ഇതിനായി രജിസ്റ്റർ ചെയ്യണം. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി നിരക്കുകളിൽ ഒന്നാണ് യു.എ.ഇയുടേത്. ചില രാജ്യങ്ങൾ 30 ശതമാനം വരെ കോർപറേറ്റ് നികുതി ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.