ന്യൂഡൽഹി: കോൺഗ്രസിൽ തെരഞ്ഞെടുപ്പ് വേണമെന്ന് നേരത്തേ പറഞ്ഞുകൊണ്ടിരുന്ന തിരുത്തൽവാദികൾ ഇപ്പോൾ ചുവടുമാറ്റി സമവായത്തെക്കുറിച്ച് സംസാരിക്കുന്നതിനെ ചോദ്യം ചെയ്ത് ശശി തരൂർ എം.പി. ഏതായാലും താൻ മത്സരിക്കും. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ജി23 എഴുതിയ കത്തിൽ ഉറച്ചുനിൽക്കുന്നു -തരൂർ പറഞ്ഞു.
ജി23 ഒരു സംഘടനയല്ല. സോണിയ ഗാന്ധിക്ക് 100 പേരുടെ പിന്തുണയോടെ കത്തയക്കാനാണ് തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യങ്ങളിൽ കഴിഞ്ഞില്ല. അങ്ങനെയാണ് 23 പേർ ഒപ്പിട്ട കത്തയച്ചത്. അതിലെ പ്രധാനികളിൽ മൂന്നു പേർ പാർട്ടി വിട്ടു. താൻ ഒരിക്കലും ജി23 പ്രതിനിധിയല്ല; അതിന് ആഗ്രഹിച്ചിട്ടുമില്ല. അവരുടെ ചിന്താഗതിയെ പിന്തുണച്ചു. പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു ഒരു നിലപാട്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോൾ മത്സരിക്കുന്നു.
പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടക്കണം. എന്നാൽ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടവർ പൊതുസമവായം മതി, തെരഞ്ഞെടുപ്പ് വേണ്ടെന്ന് ഇപ്പോൾ പറയുന്നു. എന്തുകൊണ്ടാണ് ചിന്താഗതി മാറിയതെന്ന് അറിയില്ല. കോൺഗ്രസിൽ തന്നെയാണ് എല്ലാവരും. അതുകൊണ്ട് അവരുടെ പിന്മാറ്റം നിരാശപ്പെടുത്തുന്നില്ല.
60 പേർ ഒപ്പിട്ട് തന്നെ പിന്തുണക്കുന്ന തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ല. മല്ലികാർജുൻ ഖാർഗെയുടെ പത്രികയിൽ ഒപ്പുവെച്ച വലിയ പേരുകൾ ഇക്കൂട്ടത്തിൽ ഇല്ലായിരിക്കാം. പക്ഷേ, അവർ എന്നിൽ അർപ്പിച്ച വിശ്വാസത്തോട് വഞ്ചന കാണിക്കില്ല. ഖാർഗെക്കും തനിക്കും രണ്ടു ചിന്താധാരകളാണ്.
പാർട്ടിയിൽ സഹപ്രവർത്തകരുമാണ്. പാർട്ടിയുടെ ഇന്നത്തെ പ്രവർത്തനത്തിൽ തൃപ്തിയുള്ളവർ ഖാർഗെക്ക് വോട്ട് ചെയ്യട്ടെ. മാറ്റം ആവശ്യപ്പെടുന്നവർ തന്നെ തിരഞ്ഞെടുക്കട്ടെ. മത്സരമാണ് നടക്കുന്നത്, യുദ്ധമല്ല. ഒന്നിച്ചുപ്രവർത്തിക്കുന്നവർ തമ്മിൽ മത്സരിക്കുന്നു. ഭാവിയിലും ഒന്നിച്ചു പ്രവർത്തിക്കും. ശശി തരൂരാണ് ജയിക്കുന്നതെങ്കിൽ ഖാർഗെ പാർട്ടിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കില്ലേ?
അടുത്ത രണ്ടാഴ്ച കൊണ്ട് 12 നഗരങ്ങളിൽ പോയി പ്രവർത്തകരുടെ പിന്തുണ തേടും. ആളുകളെ നേരിട്ടുകാണും; മറ്റു മാർഗങ്ങളിൽ ബന്ധപ്പെടും. പൊതുയോഗങ്ങളിൽ പങ്കെടുക്കും. 90 ശതമാനം പ്രതിനിധികളുടെയും ഫോൺ നമ്പർ കൈവശമില്ല. അതുകൊണ്ട് അവരെ തേടിപ്പിടിക്കുന്നത് അത്ര എളുപ്പമല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.