അബൂദബി: തലസ്ഥാന എമിറേറ്റിൽ കോവിഡ് വ്യാപനത്തിൽ വൻ കുറവ്. അബൂദബി നഗരത്തിൽ അടുത്തിടെ കോവിഡ് പരിശോധന നടത്തിയവരിൽ 0.3 ശതമാനം പേർക്ക് മാത്രമാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ജൂണിൽ ഇത് ഒരു ശതമാനമായിരുന്നു. അൽഐനിൽ 0.6 ശതമാനവും അൽദഫ്രയിൽ 0.4 ശതമാനവുമാണിത്. അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റിയും ആരോഗ്യ വകുപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 പകർച്ചവ്യാധി തടയാനുള്ള ദേശീയ സ്ക്രീനിങ് പ്രോഗ്രാമിെൻറ ഭാഗമായി അബൂദബി എമിറേറ്റിലുടനീളം കർശനമായ വൈറസ് പരിശോധന പദ്ധതികളാണ് നടക്കുന്നത്.
കോവിഡ് -19 പോരാട്ടം വിജയിക്കുന്നതുവരെ വീടുതോറുമുള്ള പരിശോധന കാമ്പയിൻ തുടരും. കർശന മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവക്കൊപ്പം കോവിഡ് പരിശോധന പദ്ധതികളും വൈറസ് വ്യാപനം തടയുന്നതിന് കാരണമായി. ഒരു ശതമാനത്തിൽ താഴെയുള്ള അണുബാധയുടെ തോത് കൈവരിക്കാനാണ് ദേശീയ സ്ക്രീനിങ് പ്രോഗ്രാം കഴിഞ്ഞ ജൂണിൽ ലക്ഷ്യമിട്ടത്. ഇതേത്തുടർന്ന് അബൂദബി എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളിൽ സഹകരിക്കേണ്ടതിെൻറ ഉത്തരവാദിത്തവും പ്രാധാന്യവും ജനങ്ങളിലെത്തിച്ചു.
മുൻകരുതൽ നടപടികളും സാമൂഹിക അകലം പാലിക്കുന്നതിനും ശക്തമായ നടപടികളാണ് കൈക്കൊണ്ടത്. ഇതിെൻറ ഫലമായാണ് ഒരു ശതമാനത്തിൽ താഴെ കേസ് അനുപാതം എത്തിക്കാനായതെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് -19 വ്യാപനം തടയുക, നിലവിലുള്ള പരിശോധനകളിലൂടെ അണുബാധ കുറക്കുക, വിവിധ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ കോവിഡ് പരിശോധന സൗകര്യം സൗജന്യമായി നൽകുക എന്നിവയാണ് കോവിഡ് നിർമാർജന പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.