അബൂദബി: ദുബൈക്ക് പിന്നാലെ നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി അബൂദബിയും. റസ്റ്റാറൻറുകൾ, ലോഞ്ചുകൾ, ബാറുകൾ, ബീച്ചുകൾ, നീന്തൽ കുളങ്ങൾ, ജിമ്മുകൾ എന്നിവ വീണ്ടും തുറക്കുന്നതിന് അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ഉടൻ അനുമതി നൽകിയേക്കും. ഇതിെൻറ മുന്നോടിയായി തലസ്ഥാന എമിറേറ്റിലെ ഹോട്ടലുകൾക്ക് കർശന മാർഗനിർദേശങ്ങൾ അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് പുറപ്പെടുവിച്ചു. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകളും ഉണ്ടാകും. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും മൊത്തം ശേഷിയുടെ 30 ശതമാനത്തിൽ കൂടുതൽ ഇടപാടുകാർ ഉണ്ടാകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാ ഔട്ട്ലെറ്റുകളുടെയും പ്രവർത്തന സമയം രാവിലെ ആറുമുതൽ രാത്രി ഏഴുവരെ മാത്രമായിരിക്കുമെന്നും നിഷ്കർഷിക്കുന്നു. വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ ദിവസവും അണുമുക്തമാക്കണം.
പ്രവേശന കവാടത്തിൽ ഇടപാടുകാർക്ക് ഹാൻഡ് സാനിറ്റൈസർ നൽകണം. വ്യത്യസ്ത എൻട്രി, എക്സിറ്റ് പോയൻറുകൾ ഉണ്ടായിരിക്കണം. ശരീരോഷ്മാവ് രേഖപ്പെടുത്തുന്ന കാമറകൾ സ്ഥാപിക്കൽ ഉൾപ്പെടെ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി സംവിധാനങ്ങൾ പാലിക്കണം. കൊറോണ വൈറസ് സംശയിക്കുന്നവർക്കായി ഐസൊലേഷൻ റൂമും പ്രവർത്തന സമയങ്ങളിൽ ഒരു മെഡിക്കൽ ടീമിെൻറ സേവനവും നിർബന്ധമാണ്. എല്ലാ സന്ദർശകരും എപ്പോഴും മാസ്ക്കുകൾ ധരിക്കണം. നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനും മലിനീകരണം കുറക്കുന്നതിനും സ്മാർട്ട് പേമെൻറ് സൗകര്യം പ്രോത്സാഹിപ്പിക്കണമെന്ന് ടൂറിസം ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി ഹസൻ അൽ ഷൈബ പറഞ്ഞു. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാൽ അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് തലസ്ഥാനത്തെ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിന് അംഗീകാരം നൽകും. അതോടെ വ്യാപാരം പുനരാരംഭിക്കാനാകും. റസ്റ്റാറൻറുകളിലെ ഓരോ ടേബിളിനും ഇടയിൽ 2.5 മീറ്റർ വീതം അകലം പാലിക്കണം.
വിനോദ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിലക്കുണ്ട്. സന്ദർശകരെ പരമാവധി മൂന്നു മണിക്കൂർ മാത്രമേ തങ്ങാൻ അനുവദിക്കൂ. ജോലിയിൽ മടങ്ങിയെത്തുന്ന ജീവനക്കാർക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജീവനക്കാർ രണ്ടാഴ്ചയിലൊരിക്കൽ പരിശോധന നടത്തണം. ശരീരോഷ്മാവ് പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.