ദുബൈ: നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കോവിഡ് -പ്രതിരോധ മാർഗനിർദേശം ലംഘിക്കുന്നത് പരിശോധിക്കാൻ സി.സി.ടി.വി കാമറയിലെ ഫീഡുകൾ ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാൻ ദുബൈയിൽ സംവിധാനമായി. നിർമിത ബുദ്ധി സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി ഇത്തരത്തിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിന് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) സ്പിൻഓഫ്, ഡെർക്ക് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ദുബൈ സിലിക്കൺ ഒയാസിസ് അതോറിറ്റി (ഡി.എസ്.ഒ.എ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
ഡെർക്ക് രൂപകൽപന ചെയ്ത അൽഗോരിതം ഉപയോഗിച്ചാണ് കാമറ നിരീക്ഷണം. സാമൂഹിക അകലം പാലിക്കൽ, ഫേസ്മാസ്കുകൾ ധരിക്കൽ തുടങ്ങിയ നിർദേശങ്ങൾ ലംഘിക്കുന്നവരെ ഇതുവഴി കണ്ടെത്താനാകും.
കോവിഡ് -19 വ്യാപനം അപകടസാധ്യത ഉയർത്തുന്നതിനാൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ നിന്നും മറ്റു സുരക്ഷാ കാമറകളിൽനിന്നുമുള്ള ഫീഡുകൾ പരിശോധിച്ച് നിയമലംഘനം നിരീക്ഷിക്കും. സമൂഹത്തിന് ഹാനികരമാണെങ്കിൽ തത്സമയം വിശകലനം നടത്തും. മാർഗനിർദേശങ്ങൾക്കനുസൃതമായി സമൂഹത്തിൽ മൊത്തത്തിലുള്ള അവലോകനം നടത്താൻ സാങ്കേതികവിദ്യ വഴി സാധിക്കും. ഒപ്പം സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും ഇത് സഹായകരമാകും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമം വ്യക്തമാക്കിയതുപോലെ നവീന രീതിയിലൂടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു വഴി അത് ആളുകൾക്ക് സഹായകരമാകുന്നതിനാണ് എമിറേറ്റ് പരിശ്രമിക്കുന്നതെന്ന് ഡി.എസ്.ഒ.എ വൈസ് ചെയർമാനും സി.ഇ.ഒ.യുമായ ഡോ. മുഹമ്മദ് അൽ സറൂണി പറഞ്ഞു. അറിവും വൈദഗ്ധ്യവും സജീവമായി കൈമാറുന്നതിനും മികച്ച സമ്പ്രദായങ്ങളും വിജയകരമായ സ്മാർട്ട് സിറ്റി പരിഹാരങ്ങളും വിവിധ മേഖലകളിലെ പ്രധാന സ്ഥാപനങ്ങളുമായി കൂട്ടായി പ്രവർത്തിക്കാനും ഡി.എസ്.ഒ.എ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.