ദുബൈ: യു.എ.ഇയിൽ ചെറിയപെരുന്നാൾ അവധിക്ക് ശേഷം കോവിഡ് കേസുകളിൽ വർധനയുണ്ടായ സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ. വേനലവധി ആരംഭിക്കാനിരിക്കെ സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ കേസുകൾ വർധിക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് കേസുകൾ കൂടാൻ കാരണം ഒത്തുചേരലുകളും സുരക്ഷാനിർദേശങ്ങൾ പാലിക്കാത്തതുമാണെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹുസനി പറഞ്ഞു.
മാസ്ക് ധരിക്കുന്നതിലും സാമൂഹികഅകലം പാലിക്കുന്നതിലും വിട്ടുവീഴ്ച പാടില്ലെന്നും അവർ ആവശ്യപ്പെട്ടു. വാക്സിൻ സ്വീകരിച്ചവരും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഡോ. ഫരീദ പറഞ്ഞു. ജൂലൈയിൽ ബലിപെരുന്നാൾ അവധികൂടി വരുന്നതിനാൽ ആഘോഷ, ഒത്തുചേരൽ സമയങ്ങളിൽ ജാഗ്രതവേണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
മേയ് ആദ്യപകുതിവരെ 1500ന് താഴെയായിരുന്നു ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം. എന്നാൽ, അതിന് ശേഷം പതിയെ വർധിക്കുകയും നിലവിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുമായി. ലോകത്ത് പുതിയ വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ വാക്സിൻ എടുക്കാത്തവർക്ക് അപകടസാധ്യത കൂടുതലാണെന്നും അത്തരമാളുകൾ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ ഹാജരാകണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 16ന് മുകളിൽ പ്രായമുള്ള 87 ശതമാനം താമസക്കാർ യു.എ.ഇയിൽ ആദ്യവാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.