അബൂദബി: മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവർ അതിർത്തിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായി പ്രവേശിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെയും ട്രാഫിക് പട്രോളിങ് അധികൃതരുടെയും നടപടിക്രമങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. എമിറേറ്റ്സ് ഐ.ഡി കാർഡും മൊബൈൽ ഫോണിൽ ലഭിച്ച കോവിഡ് 19 പരിശോധനഫലമോ കോവിഡ് നെഗറ്റിവ് ഫലം സൂചിപ്പിക്കുന്ന ഔദ്യോഗിക തെളിവുകളോ സുരക്ഷ ഉദ്യോഗസ്ഥരെ കാണിക്കണം.
മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ എല്ലാ സുരക്ഷ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ എണ്ണം ഡ്രൈവർ ഒഴികെ മൂന്ന് ആളുകളാണ്. വാഹനങ്ങൾ പരിശോധിക്കുന്ന സ്ഥലത്തെ ഫോട്ടോ എടുക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ ചെക്ക് പോയൻറുകളിൽ ഉചിതമായ പാതകൾ പിന്തുടരണം. വിവിധ വാഹനങ്ങൾക്കായി വ്യത്യസ്ത നിറങ്ങളിലുള്ള സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എമർജൻസി വാഹനങ്ങൾക്ക് ചുവപ്പും ഹെവി വാഹനങ്ങൾക്ക് നീലയും എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾക്ക് പച്ചനിറത്തിലുമാണ് റോഡ് അടയാളപ്പെടുത്തിയത്. കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ പ്രതിരോധ നടപടികളെ സഹായിക്കുന്നതിൽ സമൂഹത്തിലെ അംഗങ്ങൾക്ക് സുപ്രധാന പങ്കാണുള്ളത്. വ്യാപകമാകുന്ന കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള മുൻകരുതൽ നടപടികളും സുരക്ഷ നിർദേശങ്ങളും പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. സ്വയസുരക്ഷക്കും കുടുംബങ്ങളുടെ സുരക്ഷക്കും സമൂഹത്തിലെ അംഗങ്ങളുടെ ഐക്യദാർഢ്യം പ്രധാനമാണ്. കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ രാജ്യം നടത്തുന്ന ശ്രമങ്ങളുടെ വിജയത്തിന് മുഴുവൻ ജനങ്ങളുടെയും സഹകരണം കൂടിയേ തീരൂവെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.