ദുബൈ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിവേദനവുമായി യു.എ.ഇ കെ.എം.സി.സി ഭാരവാഹികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുൽ ജനറലിനെ സമീപിച്ചു.
സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതു പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കുന്നവരില്‍ കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്ന നിവേദനമാണ് കെ.എം.സി.സി സമര്‍പ്പിച്ചത്. കെ.എം.സി.സി നേതാക്കളെ സ്വീകരിച്ച കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി നിവേദനം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കെ.എം.സി.സി കോണ്‍സുല്‍ ജനറലിന് നിവേദനം സമര്‍പ്പിച്ചത്. പ്രവാസലോകം മുഴുവന്‍ ഈ ആവശ്യം ഉന്നയിക്കുകയാണ്. കോവിഡ് നഷ്ടപരിഹാരം നല്കൽ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയാണെന്ന പരമോന്നത നീതിപീഠ നിര്‍ദേശം ആശ്വാസം നല്കുന്ന ഒന്നാണ്.
മരിച്ചവരുടെ കുടുംബത്തിന് മിനിമം സഹായം നല്‍കണമെന്നാണ് തുക എത്രയെന്നു പറയാതെ കോടതി നിര്‍ദേശിച്ചത്. ഇന്ത്യൻ സർക്കാർ ഇത് നല്കുമ്പോള് അതില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തണമെന്നത് സാമൂഹികനീതിയുടെ പ്രശ്നമാണ്- നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസലോകത്തിെൻറ ക്ഷേമകാര്യങ്ങളില്‍ സ്വന്തം നിലക്കും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും ഇടപെടലുകള്‍ നടത്തുന്ന കെ.എം.സി.സിയെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു.
നിവേദനത്തിലെ നിര്‍ദേശങ്ങള്‍ വിദേശകാര്യ വകുപ്പിനു കൈമാറുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂര്‍ റഹ്മാന് വ്യക്തമാക്കി. പ്രസിഡൻറിന് പുറമെ ഉപദേശക സമിതി ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സുൽ ജനറലിനെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.