ഷാർജ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി.
ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹരജി സമർപ്പിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവാസി കുടുംബങ്ങൾക്കുകൂടി ധനസഹായം നൽകുക, മരിച്ച പ്രവാസികളുടെ കണക്ക് കൃത്യമായി ശേഖരിച്ച് തുടർനടപടികൾക്ക് കേന്ദ്രസർക്കാറിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദേശം നൽകുക, ഇത്തരത്തിൽ മാതാപിതാക്കൾ മരിച്ച പ്രവാസികളുടെ മക്കൾക്ക് പി.എം കെയർ ഫണ്ടിൽനിന്ന് സാമ്പത്തികസഹായം നൽകുക എന്നീ വിഷയങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ളത്.
ജൂലൈ ആദ്യവാരത്തിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവാസികളുടെ കുടുംബങ്ങൾക്കുകൂടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസിസ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചിരുന്നു.
വിദേശത്ത് മരിച്ച പ്രവാസികളുടെ കണക്കിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഇപ്പോൾ ഡൽഹി ഹൈകോടതിയെ സമീപിച്ചതെന്നും വിഷയത്തിെൻറ പ്രാധാന്യം പരിഗണിച്ച് ഹൈകോടതിയുടെ ഇടപെടൽ വേഗത്തിൽ പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.