ദുബൈ: ഓരോ വിദ്യാർഥിയുടെയും പഠനജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ബിരുദദാന ചടങ്ങ്. കോവിഡ് തീർത്ത പുതിയ ലോകക്രമത്തിൽ സമ്പർക്കം പാടേ വെടിയണമെന്ന നിർദേശം വന്നതോടെ ഇൗ അസുലഭ മുഹൂർത്തം നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർഥികൾ. എന്നാൽ, ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റി അതിന് ക്രിയാത്മകമായൊരു പരിഹാരമൊരുക്കാനുള്ള തയാറെടുപ്പിലാണ്. വിദ്യാർഥികൾ കാറുകളിൽ ഇരുന്നാൽ പേരു വിളിക്കുന്നതിനനുസരിച്ച് ഡ്രോണുകൾ അവരുടെ സർട്ടിഫിക്കറ്റ് കൈമാറും. 2020 ക്ലാസ് ഓഫ് ഹോപ് എന്ന പേരിൽ ജൂലൈ 15ന് ദുബൈ അക്കാദമിക് സിറ്റിയിൽ നടക്കുന്ന വ്യത്യസ്ത ബിരുദദാനം ലോകത്തിലെ ആദ്യ മാതൃകയായിരിക്കുമെന്നാണ് അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ദുബൈ പ്രതീക്ഷിക്കുന്നത്. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ മേജർ ജനറൽ ഡോ. അഹമ്മദ് നസീർ അൽ റെയ്സി, യൂനിവേഴ്സിറ്റി പ്രസിഡൻറ് പ്രഫ. മുത്തന്ന അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ്.
എല്ലാ വിദ്യാർഥികളും കാമ്പസ് കാർ പാർക്കിലെത്തി പരസ്പരം വാഹനത്തിൽ നിന്ന് രണ്ടുമീറ്റർ അകലെ മുൻകൂട്ടി നിശ്ചയിച്ച സ്ലോട്ടുകളിൽ നിർത്തണം. അവർക്ക് എഫ്.എം റേഡിയോ ചാനലിൽ നിന്ന് സന്ദേശം ലഭിക്കും. ബിരുദധാരിയുടെ പേര് വിളിച്ചാൽ, സർട്ടിഫിക്കറ്റ് വിദ്യാർഥിയുടെ പാർക്ക് ചെയ്ത കാറിൽ എത്തിക്കുന്നത് ഡ്രോണായിരിക്കും -പ്രഫ. മുത്തന്ന അബ്ദുൽ റസാഖ് വെർച്വൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊറോണ വൈറസ് നിയന്ത്രണ സമയത്ത് സുരക്ഷാ ചട്ടങ്ങളൊന്നും ലംഘിക്കാതെ എങ്ങനെ ബിരുദദാനം നടത്താമെന്ന ആലോചനയെ തുടർന്നാണ് ഇൗയൊരു ആശയത്തിലെത്തിയത്. ഇതൊരു ലളിതമായ ആശയമാണ്. എന്നാൽ, ക്രിയാത്മകവും നൂതനവും സുരക്ഷ ഉറപ്പാക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ജന്മദിനത്തോടനുബന്ധിച്ചാണ് ജൂലൈ 15 തിരഞ്ഞെടുത്തത്. യു.എ.ഇയിൽ വിദ്യാഭ്യാസവും വിജ്ഞാനവും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം നൽകുന്ന ശ്രദ്ധയും കരുതലും മഹത്തരമാണെന്നും രാജ്യത്തെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണയാണ് ശൈഖ് മുഹമ്മദ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദദാന ചടങ്ങിനുശേഷം, സർവകലാശാലയുടെ 2020 ക്ലാസ് ഓഫ് ഹോപ്പിെൻറ ബഹുമാനാർഥം 120 ഡ്രോണുകൾ ഉൾക്കൊള്ളുന്ന ലൈറ്റ് ഷോ നടക്കും. ചടങ്ങ് രേഖപ്പെടുത്താൻ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഉദ്യോഗസ്ഥരുമായും അതിെൻറ റെക്കോഡ് മാനേജ്മെൻറ് ടീമുമായും ചർച്ച നടത്തുന്നുണ്ടെന്നും യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.