അജ്മാന്: സാമൂഹിക അകലം പാലിക്കുന്ന മഹാമാരിയുടെ കാലത്തെ ബാക്ക് ടു സ്കൂള്‍ നവ്യാനുഭവമായി. വിദ്യാഭ്യാസ മന്ത്രാലയം നല്കിയ നിര്‍ദേശങ്ങളെ പിന്തുടര്ന്ന് അജ്മാനിലെ വിവിധ സ്കൂളുകള്‍ വിത്യസ്ത രീതികളാണ് നടപ്പാക്കിയത്. അജ്മാന് അല്‍ അമീര്‍ സ്കൂളിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 15 വരെ തുടരാന്‍ അനുമതി ലഭിച്ചതായി അക്കാദമിക് കോഒാഡിനേറ്റര്‍ സൈഫുദ്ദീന് പി. ഹംസ പറഞ്ഞു. അജ്മാന് വുഡ് ലം പാര്‍ക്ക് സ്കൂളില്‍ പരിമിതമായ കുട്ടികള്‍ മാത്രമാണ് ഇന്ന് സ്കൂളിലേക്ക് എത്തിയത്. അതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തിവെച്ച വിദ്യാലയങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ നിരവധി ആശങ്കകള്‍ നിലനിന്നിരുന്നു. പൊതുവെ യു.എ.ഇയില്‍ കേസുകള്‍ കുറഞ്ഞെങ്കിലും ക്ലാസ് മുറി പഠനരീതികളുടെ പ്രായോഗികതകളെ കുറിച്ച് വ്യക്തമായ നടപടിക്രമങ്ങള്‍ വരുന്നതുവരെ കാത്തിരിക്കാനാണ് ചില രക്ഷിതാക്കളുടെ തീരുമാനം. അജ്മാന് ജറഫിലെ ഹാബിറ്റാറ്റ് സ്കൂളില്‍ ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇടവിട്ട ദിവസങ്ങളില്‍ സ്കൂളില്‍ വരുന്നരീതി നടപ്പാക്കിയത്.
കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആയ കുട്ടികളെ മാത്രമാണ് സ്കൂളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, രക്ഷിതാക്കളോടൊപ്പം സ്കൂളില്‍ എത്തിയ ഏതാനും കുട്ടികള്‍ നെഗറ്റിവ് ഫലം ഹാജരാക്കാതിരുന്നതിനാല്‍ മടക്കി അയക്കേണ്ടിവന്നതായി സ്കൂള്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ഹംസ കൊല്ലത്ത് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗ്രേഡ് ഒന്നുമുതലുള്ള കുട്ടികള്‍ക്കും ആറാം തീയതി മുതല്‍ കെ.ജി. കുട്ടികള്‍ക്കും ക്ലാസ് മുറി പഠനരീതി ലഭ്യമാക്കും.
ഒരു ക്ലാസില്‍ 32 കുട്ടികള്‍ ഉണ്ടായിരുന്നിടത്ത് സുരക്ഷാ പരിഗണനയുടെ ഭാഗമായി 12 കുട്ടികള്‍ക്കാണ് സൗകര്യം ഒരുക്കിയിരുന്നത്. ആദ്യദിനമായതിനാല്‍ കുട്ടികള്‍ പ്രതീക്ഷിച്ചതിലും കുറവാണ് സ്കൂളുകളില്‍ എത്തിയത്. പരിശോധനയും ഹെല്‍ത്ത് ഡിക്ലറേഷന്‍, ട്രാവല്‍ ഡിക്ലറേഷന്‍ എന്നിവ നിര്‍ബന്ധമായിരുന്നു. ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്താന്‍ സ്കൂളില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളുടെ താപനില പരിശോധിച്ച ശേഷമാണ് ബസില്‍ കയറ്റിയിരുന്നത്.
ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാണ് കുട്ടികള്‍ക്കായി ഇരിപ്പിടം ഒരുക്കിയിരുന്നത്. സ്കൂളിെൻറ പ്രവേശന കവാടത്തില്‍ ഓട്ടോമാറ്റിക് തെര്‍മല്‍ സ്കാനറില്‍ പരിശോധിച്ച ശേഷമാണ് കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിക്കുക. സ്കൂള്‍ പരിസരങ്ങളില്‍ പരമാവധി സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുകയും രണ്ടു മീറ്റര്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ സ്കൂളില്‍നിന്നും പോയശേഷം പൂര്‍ണമായും അനുനശീകരണം ചെയ്യുന്നുണ്ട്. ഓരോ സ്കൂളിലും യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച നിബന്ധനകളും നിർദേശങ്ങളും നടപ്പാക്കുന്നതിന് നാല് സബ് കമ്മിറ്റികൾ അടങ്ങിയ കോവിഡ് ടാസ്ക് ഫോഴ്സ് സജീവമായി പ്രവർത്തിക്കുന്നു. മുഴുവൻ അധ്യാപക -അനധ്യാപക ജീവനക്കാർക്കും വിവിധ പരിശീലനങ്ങളും ബോധവത്കരണ ക്ലാസുകളും നൽകിക്കഴിഞ്ഞു.
സുരക്ഷാ മുന്‍കരുതലുകള്‍ മന്ത്രാലയ അധികൃതര്‍ സ്കൂളില്‍ നേരിട്ടെത്തി വിലയിരുത്തുന്നുമുണ്ട്. പരിമിതികള്‍ പലതുണ്ടെങ്കിലും കുട്ടികളെ ക്ലാസ്മുറി പഠനസംവിധാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുകയാണ് രക്ഷിതാക്കളും സ്കൂള്‍ അധികൃതരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.